വടക്കാഞ്ചേരി: റേഷൻ കടകളിലെ വിൽപന സമയം വെട്ടിക്കുറച്ചത് മൂലം സാധാരണ ജനങ്ങൾ ദുരിതത്തിലായി. റേഷൻ കടകളിൽ പ്രവർത്തിക്കുന്ന ഇ-പോസ് മെഷീൻ പ്രവർത്തിക്കുന്ന സെർവറിന്റെ ശേഷി കുറഞ്ഞത് മൂലമാണ് ജില്ലകൾ തിരിച്ച് റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചത്. തൃശുർ ജില്ലയിൽ ഉച്ചവരെയാണ് റേഷൻ കടകളുടെ പ്രവർത്തനം. കൂലിപ്പണിയെടുത്തും മറ്റും കഴിയുന്നവർ ജോലി ഒഴിവാക്കിയാണ് റേഷൻ വാങ്ങാൻ സമയം കണ്ടെത്തുന്നത്. റേഷൻ വാങ്ങാൻ കാർഡ് ഉടമയുടെ കുടുംബാംഗങ്ങൾ തന്നെ എത്തണമെന്നാണ് നിലവിലുള്ള ഉത്തരവ്. ഉച്ചവരെയുള്ള സമയം റേഷൻ കടകളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. ഈ മാസം 25 വരെയാണ് നിയന്ത്രണങ്ങൾ എന്നാണ് സപ്ലെ ഓഫീസ് റേഷൻ കടയുടമകൾക്ക് നൽകിയിൽ സർക്കുലറിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ നിയന്ത്രണം നീട്ടാനാണ് സാദ്ധ്യതയെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. സമയത്തിൽ നിയന്ത്രണം ഉണ്ടായിട്ടും സെർവറിന്റ പ്രവർത്തനം പഴയ പോലെ ഒച്ചിഴയുന്ന മട്ടിൽ തന്നെയാണ്. ഓരേ മാസത്തിലെയും റേഷൻ അതാതു മാസം തന്നെ വാങ്ങിക്കണമെന്ന സർക്കാരിന്റെ ഉത്തരവും ഇതിനിടെ ജനങ്ങൾക്ക് തിരിച്ചടിയാവുകയാണ്.