ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിന് അനുമതി നൽകണമെന്ന് നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനായി ഡോക്ടർമാരേയും അനുബന്ധ ജീവനക്കാരേയും അനുവദിക്കണമെന്ന ആവശ്യവും വി.ഒ. പൈലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉന്നയിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ കർശനമായി പാലിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ആൾക്കൂട്ടം ഒഴിവാക്കി ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രമായി ആഘോഷങ്ങൾ നടത്തൽ, ഡി.സി.സികൾ ഒരുക്കൽ എന്നീ തീരുമാനങ്ങളും കൊക്കൊണ്ടു. വൈസ് ചെയർപേഴ്‌സൺ സിന്ധുലോജു, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി. പോൾ, പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, സെക്രട്ടറി എം.എസ്. ആകാശ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ. ഷീജ, ചാലക്കുടി ടൗൺ ഇമാം ഹുസൈൻ ബാഖവി, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.