ns

നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ.

കുന്നംകുളം: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഹൈടെക് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് ഒരു നില കൂടി നിർമിക്കുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായി എ.സി. മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയായി. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയിരിക്കയാണ്. സംസ്ഥാനത്ത് ആദ്യമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഈ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് ഒന്നരക്കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയാൽ പൊലീസ് സ്റ്റേഷൻ ഇവിടേയ്ക്ക് മാറ്റും. അതിന് ശേഷമാണ് ഇപ്പോൾ അനുവദിച്ച തുക ഉപയോഗിച്ച് മുകളിലത്തെ നില നിർമിക്കുക.
ഹൈടെക് സൗകര്യങ്ങളാണ് പുതിയ പൊലീസ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ 3 ലോക്കപ്പുകളുള്ള ആദ്യ പൊലീസ് സ്റ്റേഷൻ കൂടിയാണിത്. ജനസൗഹൃദ പൊലീസ് സ്റ്റേഷനാക്കാൻ വിപുലമായ സൗകര്യങ്ങൾ ഉണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം കരാറെടുത്തിരിക്കുന്നത്.

സ്റ്റേഷനിൽ ഹൈടെക് സൗകര്യങ്ങൾ

സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാൻ പ്രത്യേക ഹാൾ.

പ്രതികളെ ചോദ്യം ചെയ്യുന്നതിനും കേസന്വേഷണത്തിനും ശാസ്ത്രീയ സൗകര്യങ്ങൾ.

പൂന്തോട്ടം, പാർക്കിംഗ് തുടങ്ങിയവ.