1

പ്രതിനിധി സമ്മേളനം ഇന്ന് എം.എ. ബേബി ഉദ്ഘാടനം ചെയ്യും


തൃശൂർ: സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. സാഹചര്യം വിലയിരുത്താനും പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നലെ ചേർന്നു. സമ്മേളനം മാറ്റിവയ്ക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. എന്നാൽ കൊവിഡ് രോഗികളുടെ വർദ്ധനവിലും ഉയരുന്ന പ്രതിദിന രോഗക്കണക്കിലും നേതാക്കൾക്കും ആശങ്കയുണ്ട്.

പൊതുസമ്മേളന വേദിയിൽ ഇന്നലെ സംഗമിക്കേണ്ട ദീപശിഖാ, പതാക, കൊടിമര ജാഥകൾ എല്ലാം വേണ്ടെന്നുവച്ചിരുന്നു. ഇന്ന് രാവിലെ മാത്രമേ സമ്മേളനനടപടികൾ ആരംഭിക്കൂ. ഇൻഡോർ സ്‌റ്റേഡിയത്തിൽ ദീപശിഖ തെളിക്കലും പതാക ഉയർത്തലും കഴിഞ്ഞശേഷം പ്രതിനിധി സമ്മേളനം നടക്കും. ഇന്ന് രാവിലെ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും.

വൈകിട്ട് അഞ്ചിനു വെർച്വൽ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, എ.കെ. ബാലൻ, കെ. രാധാകൃഷ്ണൻ, എം.സി. ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കും. അതേസമയം സംസ്ഥാന കമ്മിറ്റി അംഗവും സ്വാഗത സംഘം ചെയർമാനുമായ എ.സി. മൊയ്തീൻ അടക്കമുള്ള നേതാക്കൾ കൊവിഡ് ബാധിതരായി നിരീക്ഷണത്തിലാണ്.

175 പ്രതിനിധികളും സമ്മേളന വളണ്ടിയർമാരും അടക്കം ഇരുന്നൂറിൽ താഴെ ആളുകൾ മാത്രമേ ഉണ്ടാകൂവെന്നാണ് നേതാക്കളുടെ പക്ഷം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏരിയാ കമ്മിറ്റികൾക്കായി മേഖലകൾ തിരിച്ചാണ് പ്രതിനിധികൾക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ട് വാക്‌സിനെടുത്തവർക്കും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഉറപ്പ് വരുത്തിയവർക്കും മാത്രമാണ് പങ്കെടുക്കാനാവുക. ഉദ്ഘാടന സമ്മേനളത്തിൽ പ്രതിനിധികൾക്കും നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും മാത്രമാകും പ്രവേശനം.

എം.എം. വർഗീസ് തുടരും

ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.എം. വർഗീസ് തുടരും. മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയായ എം.എം. വർഗീസ് ഒന്നരപതിറ്റാണ്ടിലേറെക്കാലം തൃശൂർ ഏരിയ സെക്രട്ടറിയായും രണ്ടര വർഷത്തോളം ഒല്ലൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധകൃഷ്ണൻ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പോഴാണ് എം.എം. വർഗീസ് ആദ്യവട്ടം സെക്രട്ടറിയായി ചുമതലയേറ്റത്. സെക്രട്ടറിയായിരിക്കെ നടന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം എൽ.ഡി.എഫിന് ലഭിച്ചിരുന്നു. നിലവിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ് എം.എം. വർഗീസ്. പാർട്ടി കൺട്രോൾ കമ്മിഷൻ അംഗമായിരുന്നു. തൃശൂർ നിയമസഭാ മണ്ഡലത്തിൽ ഒരിക്കൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ മുതിർന്ന നേതാവാണ്.

ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പുതുമുഖങ്ങളെത്തും

45 അംഗ ജില്ലാ കമ്മിറ്റിയിലും 12 അംഗ സെക്രട്ടേറിയറ്റിലും ഇത്തവണ പുതുമുഖങ്ങളുണ്ടാകും. നിലവിൽ ഇരുകമ്മിറ്റിയിലുമുള്ള മുതിർന്ന നേതാക്കൾക്ക് പുറമേ വർഗ ബഹുജന സംഘടനകളിലെ നേതാക്കളെയും ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. ഡി.വൈ.എഫ്.ഐ, കെ.എസ്.കെ.ടി.യു എന്നീ സംഘടനകളിൽ നിന്നുള്ളവരും സെക്രട്ടേറിയറ്റിൽ എത്തിയേക്കും. വനിതാ പ്രാതിനിധ്യവും ഉണ്ടാകും.