medi
മെഡിക്കൽ കോളേജ്

പരിശോധനകൾക്ക് പോലും ജീവനക്കാരില്ല

തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധിപേർ ചികിത്സയിലും നിരീക്ഷണത്തിലുമായതോടെ ജീവനക്കാരില്ലാതെ ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനം രൂക്ഷമായ പ്രതിസന്ധിയിലേക്ക്. ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, നഴ്‌സിംഗ് ജീവനക്കാർ, ലബോറട്ടറി ജീവനക്കാർ, മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലേറെ പേർക്കാണ് കൊവിഡ് ബാധിച്ചത്.

ഇ.എൻ.ടി, കാർഡിയോളജി, ന്യൂറോ സർജറി, മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ നിരവധി ഡോക്ടർമാർ രോഗ ബാധിതരാണ്. ഒട്ടേറെ നോൺ കൊവിഡ് രോഗികളും ചികിത്സ തേടി എത്തുന്ന ഇടം കൂടിയാണിത്. കൊവിഡ് പരിശോധനയ്ക്കുപോലും ആളില്ലാത്ത അവസ്ഥയാണിപ്പോൾ. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇടപെട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

അടിയന്തിര ചികിത്സയ്ക്ക് എത്തുന്നവരെ പോലും കൊവിഡ് ടെസ്റ്റിന് വധേയരാക്കി തുടർ ചികിത്സ നൽകാൻ സാധിക്കാത്ത സ്ഥിതിയാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരുടെ കുറവാണ് പ്രതിസന്ധിയാകുന്നത്. കൊവിഡ് പരിശോധനയ്ക്ക് എടുത്ത സ്രവം പരിശോധിക്കാൻ ആളില്ലാത്തതിനാൽ കെട്ടിക്കിടക്കുകയാണ്.

ജീവനക്കാർ വേണം, ഇല്ലെങ്കിൽ പണി പാളും

മൈക്രോബയോളജി, ഡാറ്റ എൻട്രി വിഭാഗങ്ങളിൽ അടിയന്തരമായി ആളുകളെ നിയമിച്ചില്ലെങ്കിൽ പലവിഭാഗങ്ങളും അടച്ചിടേണ്ടിവരും. ഇതുസംബന്ധിച്ച് വകുപ്പ് മേധാവികൾ പ്രിൻസിപ്പൽ അടക്കമുള്ളവർക്ക് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. നേരത്തെ കൊവിഡ് ബ്രിഗേഡിനെ നിയമിച്ചിരുന്നെങ്കിലും രോഗികളുടെ എണ്ണം കുറഞ്ഞതോടെ പിരിച്ചുവിട്ടിരുന്നു. വിവിധമേഖലകളിൽ നൂറുക്കണക്കിന് താത്കാലിക ജീവനക്കാരെ എടുക്കുന്നുണ്ടെങ്കിലും അടയന്തര ആവശ്യങ്ങൾക്കുള്ളവരെ നിയമിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് ശേഷം കൊവിഡ് നെഗറ്റീവായാൽ മാത്രമേ വാർഡുകളിലേക്ക് പ്രവേശിപ്പിക്കൂ. എന്നാൽ ടെസ്റ്റ് നടത്താൻ ലാബ് ടെക്‌നീഷ്യൻമാർ ഇല്ലാത്തതാണ് പ്രശ്‌നം.


ചോദിക്കല്ലേ, പ്ലീസ് !

കൊവിഡിനെ കുറിച്ചല്ല, ജില്ലയിലെ ആരോഗ്യ രംഗത്തെക്കുറിച്ചും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ഒരു വിവരവും ലഭിക്കില്ല. കൊവിഡിനെ കുറിച്ചും ഒമിക്രോണിനെ കുറിച്ചും ഡി.എം.ഒമാർ ഒന്നും പ്രതികരിക്കേണ്ടെന്ന് മന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും ജില്ലയിൽ ആരോഗ്യരംഗത്തെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പോലും പറയാൻ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല.

കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നൽകുന്ന റിപ്പോർട്ടുകൾ ഒഴിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ പോലും ഡി.എം.ഒ അടക്കമുള്ളവർ തയ്യാറാകുന്നില്ല. രൂക്ഷമായ കൊവിഡ് വ്യാപനത്തെ അഭിമുഖീകരിക്കുകയാണ് ജില്ല. ആൾക്കൂട്ടങ്ങളെ തടയുന്നതിന് ആവശ്യമായ നടപടികളും ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൊവിഡിന് പ്രതിദിന കണക്കുകളുടെ വിവരം മാദ്ധ്യമങ്ങൾക്ക് നൽകുന്നുണ്ടെങ്കിലും ഒമിക്രോണിന്റെ വിവരം നൽകാൻ തയ്യാറാകുന്നില്ല.