തൃപ്രയാർ: ജില്ലാ സബ് ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ എടമുട്ടം എസ്.എൻ.എസ് സമാജം സ്‌കൂൾ ഇരട്ട വിജയം സ്വന്തമാക്കിയതോടെ നാട്ടികയിൽ വോളിബാളിനൊപ്പം ത്രോബാളും ജനശ്രദ്ധയാകർഷിക്കുന്നു. മത്സരം അടുത്തപ്പോൾ പരീക്ഷണമെന്നോണം കുറച്ചു കുട്ടികളെ മാത്രം പങ്കെടുപ്പിച്ച് കായികദ്ധ്യാപിക ദീപ്തി ഷിജുവാണ് കോച്ചിംഗ് ക്യാമ്പ് നടത്തിയത്. സ്‌കൂൾ പ്രവർത്തിക്കാത്ത സമയത്തായിരുന്നു കോച്ചിംഗ്. ടീച്ചറുടെ കഠിന പ്രയത്‌നം സ്‌കൂളിന് ഇരട്ടകിരീടം സമ്മാനിച്ചു. കഴിഞ്ഞ ദിവസം ക്യാമ്പിൽ നിന്നും ആൺകുട്ടികളും പെൺകുട്ടികളുമായി 14 പേർ ജില്ലാ സബ് ജൂനിയർ ടീമിലേക്ക് സെലക്ഷൻ നേടി. കോട്ടയത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ ഇവർ പങ്കെടുക്കും.

ദേശീയ സംസ്ഥാന മത്സരങ്ങളിൽ ഒട്ടേറെ പേർ സ്‌കൂളിന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. വിഷ്ണുപ്രിയ ഉണ്ണി, ആദ്രിയ അനിൽ, ലക്ഷ്മിക റോബിൾലാൽ, നന്ദന സുരേഷ്, വൈദേഹി സി.വി, ശാരിക എം.എസ്, അഭിനവ് എം.എസ്, നിരഞ്ജൻ സുരേഷ് എന്നിവർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവരാണ്. തീരദേശത്തെ ഒട്ടേറെ സ്‌കൂളുകളും ക്ലബുകളും ഇപ്പോൾ ത്രോബാളിലേക്ക് മാറിക്കഴിഞ്ഞു. തീരമേഖലയിൽ നിന്ന് വിപിത പി.വി, ഷാനവാസ് എ.കെ, ലക്ഷ്മിശ്രീ, ആദിത്യ എം.ജെ, ലക്ഷ്മി വിനയൻ, സന്ദീപ്, സിബി, ജിപിൻപാൽ എന്നിവർ ഫെഡറേഷൻ കപ്പിലും സീനിയർ നാഷണലിലും കളിച്ചവരാണ്.

സ്‌കൂൾ പ്രിൻസിപ്പൽ സുഗുണ പി.കെ, അഡ്മിനിസ്‌ട്രേറ്റർ കെ.ടി.ഡി. കിരൺ, സമാജം പ്രസിഡന്റ് രാജൻ വേളേക്കാട്ട്, സെക്രട്ടറി സുധീർ പട്ടാലി, ത്രോബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. രവി മാസ്റ്റർ, ജില്ലാ പ്രസിഡന്റ് വി.യു. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി ജിബിൻപാൽ എന്നിവർ പരിപൂർണ പിന്തുണയുമായി രംഗത്തുണ്ട്.

എസ്.എൻ.എസ് സമാജം സ്‌കൂളിലെ പെൺകുട്ടികൾ പരിശീലനത്തിനിടയിൽ.