ചാലക്കുടി: വൈദ്യുതി കണക്ഷൻ ലഭിച്ചെങ്കിലും അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്താനാകാതെ നഗരസഭയുടെ കലാഭവൻ മണിയുടെ നാമധേയത്തിലുള്ള ആധുനിക പാർക്ക്. നഗരസഭയുടെയും എം.എൽ.എയുടെയും സി.പി.എമ്മിന്റെയും നിരന്തര പ്രയ്തനങ്ങൾക്കൊടുവിലാണ് ലക്ഷങ്ങളുടെ കുടിശിക നിലനിൽക്കുമ്പോഴും കലാഭവൻ മണി സ്മാരക പാർക്കിന് വൈദ്യുതി വകുപ്പ് കണക്ഷൻ നൽകിയത്. ക്രിസ്മസ് വേള മുതൽ പാർക്ക് തുറന്നെങ്കിലും അന്നൊക്കെ ജനറേറ്റർ ഉപയോഗിച്ചായിരുന്നു പ്രവർത്തനം. കനത്ത ഡീസൽ തുക ചെലവായതിനെ തുടർന്ന് പിന്നീട് പാർക്കിൽ വൈദ്യതി ഉണ്ടായില്ല. ഇതുമൂലം പ്രവർത്തന സമയവും ക്രമീകരിച്ചിരുന്നു. നഗരസഭ ഭരണസമിതി അപേക്ഷ നൽകിയതോടെയാണ് ആദ്യകാലത്ത് ഇതേ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനം വരുത്തി വച്ച വൈദ്യുതി കുടിശിക എഴുതി തള്ളിയത്. വൈദ്യുതി കണക്ഷൻ ലഭ്യമാവുന്നതോടെ പാർക്ക് സജീവമാക്കാനായിരുന്നു നഗരസഭാ ഭരണ സമിതിയുടെ തീരുമാനം. കൊവിഡ് വ്യാപനം ശക്തമായത് പാർക്കിന്റെ തുടർ പ്രവർത്തനത്തിന് വിലങ്ങുതടയായിരിക്കയാണ്. ആൾക്കൂട്ടം ഒഴിവാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പാർക്കിന്റെ നടത്തിപ്പിനേയും ബാധിച്ചു. എങ്കിലും മഹാമാരിയുടെ മൂന്നാം തരങ്കം അവസാനിക്കുന്നതോടെ പാർക്കിൽ കൂടുതൽ സൗകര്യം ഒരുക്കുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങൾ കൈകൊള്ളുവാനാണ് ചെയർമാൻ വി.ഒ. പൈലപ്പൻ നേതൃത്വം നൽകുന്ന ഭരണസമിതി ആലോചിക്കുന്നത്.