1
കളക്ടറുടെ ഉത്തരവ്.

വടക്കാഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ ഉത്സവങ്ങൾ, പൂരങ്ങൾ, പെരുന്നാളുകൾ എന്നിവയെല്ലാം ചടങ്ങുകൾ മാത്രമായി നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിറങ്ങി. ഉത്സവ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട രീതി സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് ലഭിച്ചു. കൊവിഡ് മഹാമാരിയ്ക്ക് അൽപ്പ ശമനം പ്രതീക്ഷിച്ച ഈ വർഷമെങ്കിലും ഉത്സവങ്ങളും പൂരങ്ങളും പെരുന്നാളുകളുമെല്ലാം തനിമയോടെ നടത്താനുളള മുന്നൊരുക്കത്തിലായിരുന്നു സംഘാടകർ. ഇതിനിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായതും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കേണ്ട സാഹചര്യം വന്നു ചേരുകയും ചെയ്തത്. ആളുകൾ കൂട്ടംകൂടുകയോ 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്താൽ സംഘാടകരുടെ പേരിൽ കേസ് എടുക്കാൻ നിർദേശമുണ്ട്. നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലെല്ലാം ഉച്ചഭാഷിണിയിലൂടെ അറിയിപ്പുകൾ ജനങ്ങളിലേയ്ക്ക് എത്തിച്ചും തുടങ്ങി. ഉത്സവങ്ങൾക്കായി സംഘാടകർ, വാദ്യക്കാർ, ആനകൾ, മറ്റ് കലാപരിപാടികൾ എന്നിവക്ക് അഡ്വാൻസ് നൽകിയിരുന്നു. പരിപാടികളെല്ലാം ചടങ്ങുകളായി മാറുന്നതോടെ എല്ലാം വെട്ടിച്ചുരുക്കേണ്ടി വരും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഉത്സവങ്ങൾ കൂടുതലായി നടക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ വർഷം ഉത്സവങ്ങൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ അടുത്തിടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ നിയമസഭ മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽ നടക്കുന്ന പൊതുപരിപാടികളുടെ വിവരങ്ങൾ ഇവർ ജില്ലാ ഭരണകൂടത്തിന് കൈമാറും. പൊലീസും പരിപാടികൾ നിരീക്ഷിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ഓരോ സ്ഥലങ്ങളിലെയും തഹസിൽദാർമാർ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.