nws-
നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ എഴുന്നേറ്റ് നിന്നുകൊണ്ട് പ്രതിഷേധിക്കുന്നു.

കുന്നംകുളം: നഗരസഭയുടെ ഭവന നിർമ്മാണ പദ്ധതിയായ പി.എം.എ.വൈ പദ്ധതിയിലുൾപ്പെട്ട കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗുണഭോക്താക്കൾക്ക് ഈ മാസം 25 ന് ശേഷം 50 ലക്ഷം രൂപ വിതരണം ചെയ്യാൻ നഗരസഭാ കൗൺസിൽ തീരുമാനം. നഗരസഭാ വിഹിതമായ ഫണ്ടിൽ നിന്നാണ് ഉപഭോക്താക്കൾക്ക് പണം നൽകുന്നത്. കേന്ദ്ര, സംസ്ഥാന ഫണ്ട് ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകുമെന്നും ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അറിയിച്ചു. എന്നാൽ ഭവന നിർമ്മാണ ഫണ്ട് വിതരണത്തിലെ അവ്യക്തത നീക്കണമെന്നും ചെയർപേഴ്‌സൻ വാക്ക് പാലിക്കണമെന്നും കോൺഗ്രസ് കൗൺസിലർ ഷാജി ആലിക്കൽ, ബി.ജെ.പി കൗൺസിലർ രേഷ്മ സുനിൽ എന്നിവർ ആവശ്യപ്പെട്ടു. ഭവന നിർമ്മാണ ഫണ്ട് ലഭിക്കാതെ പലരും ആത്മഹത്യ ഭിഷണിയിലാണന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. ബി.പി.എൽ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന് ജല അതോറിറ്റി അറിയിച്ചതായി നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ യോഗത്തിൽ അറിയിച്ചു. രണ്ട് മാസക്കാലയളവിൽ 30, 000 ലിറ്ററിൽ താഴെയുള്ള ഉപയോഗത്തിന് വെള്ളക്കരം സൗജന്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി. വെള്ളക്കരം സൗജന്യമാക്കുന്നതിനുള്ള അപേക്ഷ, റേഷൻ കാർഡ് , ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജല അതോറിറ്റിയുടെ സെക്ഷൻ ഓഫീസിൽ ജനുവരി 31 വരെ നൽകണം. റേഷൻ കാർഡിൽ ഉപഭോക്താവിന്റെ പേര് ഉണ്ടായിരിക്കണം. കുടിശിക അടച്ചു തീർത്തിട്ടുള്ളവർക്ക് മാത്രമേ സൗജന്യ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ബൈജു റോഡിലെ മാലിന്യം നിറഞ്ഞു കിടക്കുന്ന കാന ഉൾപ്പെടെ നഗരത്തിലെ വിവിധ കാനകൾ വൃത്തിയാക്കി നഗരസഭയുടെ നല്ല വീട് നഗരം ശുചിത്വ പരിപാടിയോട് പൂർണമായും നീതി പുലർത്തണമെന്ന് കോൺഗ്രസ് വിഭാഗം കൗൺസിലർ ബിജു.സി.ബേബി, ആർ.എം.പി കൗൺസിലർ സന്ദീപ് ചന്ദ്രൻ എന്നിവർ പറഞ്ഞു. വൃത്തിഹീനമായ കാനകൾ ഉടനടി വൃത്തിയാക്കുമെന്നും അത്യാവശ്യ വാർഡുകളിൽ കുടിവെള്ള വിതരണം ഉറപ്പു വരുത്തുമെന്നും ചെയർപേഴ്‌സൺ മറുപടി നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി വാർഡുകളിലേക്ക് ഫണ്ട് അനുവദിച്ചതിൽ ഭരണപക്ഷം വിവേചനം കാട്ടിയെന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തിൽ ബഹളം വച്ചു.