nws
നഗരസഭ അധികൃതർ ഷെഡ്ഡുകൾ പൊളിച്ചു നിക്കുന്നു

കുന്നംകുളം: നഗരസഭാ പ്രദേശത്തെ വിവിധ റോഡുകളിൽ അനധികൃതമായി കെട്ടിയുണ്ടാക്കി കച്ചവടം ചെയ്യാതെ കിടന്നിരുന്ന ഷെഡുകൾ നഗരസഭ ആരോഗ്യ വിഭാഗം പൊളിച്ച് നീക്കിത്തുടങ്ങി. റോഡുകൾ കൈയ്യേറി പലയിടങ്ങളിലും ഷെഡുകൾ കെട്ടിയിട്ട് കൈമാറി നൽകുന്ന രീതി വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് അനധികൃത ഷെഡുകൾ പൊളിക്കുന്നത്. റസ്ട്രിക്ടഡ് സോണിൽ സ്ട്രീറ്റ് വെൻഡിംഗ് റജിസ്‌ട്രേഷൻ ഇല്ലാതെയുള്ള കച്ചവടങ്ങളും റജിസ്‌ട്രേഷൻ എടുത്തതിന് ശേഷം കൂടുതൽ വിപുലീകരിച്ച് നടത്തുന്ന വഴി വാണിഭങ്ങളും നിലവിൽ ലൈസൻസ് എടുത്ത് നടത്തുന്ന കച്ചവട സ്ഥാപനത്തിന്റെ പരിസരത്ത് സമാനസ്വഭാവമുള്ള കച്ചവടങ്ങളും അനുവദിക്കേണ്ടതില്ലെന്ന് തെരുവ് കച്ചവട സമിതി തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ അനധികൃത കച്ചവടങ്ങളും നീക്കും. ഉപജീവനത്തിന് അനിവാര്യമായ കച്ചവടം എന്നതിലുപരി മൊത്തക്കച്ചവട രീതിയിൽ വലിയ ഷെഡുകൾ കെട്ടി പന്തലുകളും ഫർണീച്ചറുകളും ഉപയോഗിച്ച് വലിയതോതിൽ കൂടുതൽ ആളുകളെ വേതനത്തിന് നിറുത്തി നടത്തുന്ന കച്ചവടങ്ങൾ വഴി വാണിഭത്തിന്റെ സ്വഭാവത്തിൽ നിന്നും വ്യതിചലിക്കുന്നതാണെന്നും അത്തരം കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. മോഹൻദാസ്, പി.എ. വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരുൺ വർഗീസ്, വി.രമിത തുടങ്ങിയവർ അനധികൃത വഴിവാണിഭം നിയന്ത്രിക്കുന്നതിന് നേതൃത്വം നൽകി.

നഗരസഭ അധികൃതർ ഷെഡുകൾ പൊളിച്ച് നീക്കുന്നു.