
തൃശൂർ: സി.പി.എമ്മിന് ലോകത്തെ ഒരു കമ്യൂണിസ്റ്റ് പാർട്ടിയോടും വിധേയത്വമില്ലെന്നും വേണ്ടിവന്നാൽ ചൈനയെയും വിമർശിക്കുമെന്നും പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചൈനയിൽ അഴിമതിയും അസമത്വവുമുണ്ടെന്ന കാര്യം തുറന്നു പറയുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ ലോകത്തെ ദാരിദ്ര്യ നിർമ്മാർജനത്തിൽ 70 ശതമാനം കുറച്ചത് ചൈനയാണ്. . ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആർ.എസ്.എസിന് വെള്ളമൊഴിച്ചു കൊടുക്കുന്ന നിലപാടിലാണ്. കൊവിഡിനെ പ്രതിരോധിക്കാൻ ശാസ്ത്രീയമായ കരുതലുകളിൽ അയവ് പാടില്ലെന്ന ലോകാരോഗ്യസംഘടനയുടെ നിർദ്ദേശമാണ് പാർട്ടി സമ്മേളനങ്ങളിൽ പ്രായോഗികമാക്കുന്നത്. ശ്രദ്ധക്കുറവ് ചൂണ്ടിക്കാണിച്ചാൽ തിരുത്തേണ്ടതുണ്ട്.
കെ റെയിൽ പദ്ധതിക്കെതിരെ ഉയരുന്ന പരാതികളിൽ കഴമ്പുണ്ടോയെന്ന് ഇടതുമുന്നണി പരിശോധിക്കും. ഈ പദ്ധതി വേണ്ടെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. വാഹനങ്ങളുടെ സാന്ദ്രത കണക്ക് പരിശോധിച്ചാൽ ആയിരം ആളുകൾക്ക് 12 വാഹനങ്ങളാണ് രാജ്യത്തുള്ളതെങ്കിൽ കേരളത്തിൽ അത് 32 വാഹനങ്ങളാണ്. കെ റെയിൽ വന്നാൽ ഇന്നുള്ളതിനെ അപേക്ഷിച്ച് മുപ്പത് ശതമാനം വാഹനങ്ങളും കാർബൺ സാന്ദ്രതയും കുറയുമെന്നും ബേബി പറഞ്ഞു.