പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി അവഗണനീമായ അവസ്ഥയിൽ കിടന്നിരുന്ന പൂവത്തൂർ പാങ്ങ് സെന്ററിലെ പൊതുകിണറിന് 'പൂക്കൊട്ട' യായി പുതുജന്മം നൽകി. 33 പൊതുകിണറുകളാണ് ഗ്രാമപഞ്ചായത്ത് നവീകരിക്കുന്നത്. ഈ വർഷം ആറ് കിണറുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭൂഗർഭ ജലം സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം പുതുതലമുറയ്ക്ക് നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കിണർ നവീകരിക്കപ്പെട്ടതോടെ പാങ്ങ് സെന്ററിലെ കച്ചവടക്കാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിച്ചു. തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ കിണർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ഡി.വിഷ്ണു അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ശിൽപ ഷിജു, ജീന അശോകൻ, പി.എം. അബു, ഷാലി ചന്ദ്രശേഖരൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജി.സുബിദാസ്, ശിൽപി ജേക്കബ് ചെമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു.