പാവറട്ടി: എളവള്ളി ഗ്രാമ പഞ്ചായത്തിലെ 14-ാം പഞ്ചവത്സര പദ്ധതി നിർദ്ദേശങ്ങളും 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗ നിർദ്ദേശങ്ങളും തയ്യാറാക്കുന്നതിനുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. 13 വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് മുൻഗണന നിശ്ചയിച്ച് വികസന സെമിനാറിൽ പദ്ധതികളാക്കി മാറ്റിയത്.
ഗ്രാമപഞ്ചായത്തിലെ ചെറുകിട റോഡുകൾ പൂർത്തീകരിക്കുന്നതിനും ബയോഡൈജസ്റ്റർ പോർട്ട്, ശുചിമുറികൾ, ക്രിമിറ്റോറിയം ചേമ്പർ നിർമ്മാണം, ജലനിധി വാട്ടർ ഫിൽട്ടർ യൂണിറ്റ് എന്നീ പദ്ധതികൾക്കാണ് ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ മുൻഗണന നിശ്ചയിച്ചത്. അടുത്ത വർഷത്തെ പദ്ധതികളിൽ വനിത ജിം, ജനകീയ ഹോട്ടൽ കെട്ടിട നിർമ്മാണം, സൗജന്യ ഡയാലിസിസ്, തണ്ണീർക്കുടം പദ്ധതി, വനിതാ കയർ ഉത്പാദക യൂണിറ്റ്, ബഡ്‌സ് സ്‌കൂൾ, കിസാൻ റോഡ് നവീകരണം, കർണ്ണംകോട്ട് ശങ്കുണ്ണി സ്മാരക റോഡ് നവീകരണം, പൂവത്തൂർ വൈക്കാട്ട് റോഡ് നവീകരണം എന്നീ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് തീരുമാനം.
അർബൻ അഗ്ലോമെറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി എളവള്ളി മണച്ചാൽ സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമാനിച്ചു. ഈ പദ്ധതി നടപ്പാകുന്നതോടെ ജലസേചനം, കുടിവെള്ളം, ടൂറിസം, മത്സ്യം വളർത്തൽ എന്നീ മേഖലയിൽ ഗ്രാമപഞ്ചായത്തിൽ വൻനേട്ടം കൈവരിക്കാനാകും.
വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ലീന ശ്രീകുമാർ, ചെറുപുഷ്പം ജോണി, കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ, എൻ.ബി. ജയ എന്നിവർ പ്രസംഗിച്ചു.