വടക്കാഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സെൻട്രൽ ബ്യൂറോ ഒഫ് നാർകോട്ടിക്‌സ് ഇന്ത്യ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. വൈശാഖ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുവ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനഞ്ചോളം ഡോക്ടർമാർ സ്ഥിരമായി മെഡിക്കൽ കോളേജിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 250 ഏക്കർ പരന്നു കിടക്കുന്ന മെഡിക്കൽ കോളേജ് ക്യാമ്പസ് കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വിതരണവും വിൽപനയുമുൾപ്പെടെ നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിടിക്കപ്പെട്ടവർ പലരും ഭരണപക്ഷ പാർട്ടിയുടെ അനുഭാവികൾ ആയതുകൊണ്ട് പല കേസുകളും എങ്ങും എത്തുന്നില്ല. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപാര ശൃംഖലയുടെ വേരറക്കുന്നതിന് വേണ്ടി ഈ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശശി മംഗലം, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.