ചാലക്കുടി: നഗരസഭയിലെ സി.ഡി.എസ് ഭരണം യു.ഡി.എഫ് പിടിക്കുമെന്ന് ഉറപ്പായി. വാർഡ്തല എ.ഡി.എസ്് തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ 22 വാർഡുകളിൽ യു.ഡി.എഫിനാണ് മേൽക്കൈ. എൽ.ഡി.എഫിന് 14 വാർഡുകളിൽ മാത്രമാണ് മുൻതൂക്കം. 27 വാർഡുകളിലും വിജയിച്ച് നഗരസഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള യു.ഡി.എഫിന് എ.ഡി.എസുകൾ പിടിച്ചെടുക്കൽ അനായാസമായി. എൽ.ഡി.എഫ് ആണെങ്കിൽ നിർജ്ജീവാവസ്ഥയിലായിരുന്നു എ.ഡി.എസ് തിരഞ്ഞെടുപ്പുകളെ നേരിട്ടത്. നിലവിലെ എൽ.ഡി.എഫ് സി.ഡി.എസ് ചെയർപേഴ്‌സന്റെ പ്രവർത്തനവും കുടുംബശ്രീ പ്രവർത്തകർക്കിടയിൽ തൃപ്തികരമായിരുന്നില്ല. യു.ഡി.എഫിന്റെ വനിതാ കൗൺസിലർമാർ ഭൂരിഭാഗവും 11 അംഗ എ.ഡി.എസിൽ ഉൾപ്പെട്ടത്് സി.ഡി.എസ് ഭരണം പിടിക്കുക എന്ന അവരുടെ തന്ത്രമായിരുന്നു. നഗരസഭയിലെ സി.ഡി.എസിനെ രണ്ടാക്കാൻ നേരത്തെ നഗരസഭ ഭരണസമിതി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. എ.ഡി.എസിന്റെ പ്രതിനിധികളെയും സി.ഡി.എസ് ചെയർപേഴ്‌സണേയും തെരഞ്ഞെടുക്കൽ ജനുവരി 25 ന്് മർച്ചന്റ്‌സ് ജൂബിലി ഹാളിൽ നടക്കും.