 
തൃശൂർ: ടെക്‌നിഷ്യൻമാരുടെയും ഡാറ്റ എൻട്രിക്കാരുടെയും കുറവ് കൊവിഡ് പരിശോധനയെ സാരമായി ബാധിക്കുന്നു. രണ്ടാം തരംഗത്തിൽ ഉണ്ടായിരുന്നതിനേക്കാൾ പ്രതിദിന കൊവിഡ് പരിശോധന വളരെ താഴോട്ടുപോയി. രണ്ടാം തരംഗത്തിൽ ശരാശരി 14,000നും 15,000നും ഇടയിൽ ദിവസവും പരിശോധന നടന്നിരുന്നു. ചിലദിവസങ്ങളിൽ 19000 വരെ എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ 11,000ൽ താഴെ മാത്രമാണ് പരിശോധന നടക്കുന്നത്. ഇതിന്റെ തന്നെ ഫലം ലഭിക്കുന്നതിന് പലപ്പോഴും ദിവസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. രണ്ടാം തരംഗത്തിൽ ഏർപ്പെടുത്തിയ മൊബൈൽ പരിശോധന സ്‌ക്വാഡും നിലവിലില്ല. മെഡിക്കൽ കോളേജിലേക്ക് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ദിവസവും 3000 ത്തിലധികം സാമ്പിളുകൾ പരിശോധനയ്ക്ക് എത്തുന്നുണ്ടെങ്കിലും ഫലം നൽാകൻ സാധിക്കുന്നില്ല.
ജില്ലയിൽ കഴിഞ്ഞ 12 മുതൽ 21 വരെയുള്ള കണക്ക് പ്രകാരം 76,928 പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്കെടുത്തത്. ഇതിൽ 22228 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനുവരി 19, 20, 21 തീയതികളിൽ മാത്രമാണ് പതിനായിരത്തിന് മുകളിൽ പരിശോധന നടന്നത്. ഈ ദിവസങ്ങളിലെല്ലാം പ്രതിദിന രോഗികളുടെ എണ്ണം 3600ന് മുകളിലാണ്. എല്ലാ ദിവസവും ക്ലസ്റ്ററുകളുടെ എണ്ണം കൂടി വരികയാണ്. ഒരു വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശേഷം മറ്റുള്ളവർക്ക് രോഗ ലക്ഷണം ഉണ്ടായാലും പരിശോധന വേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഓൺലൈൻ പഠനം: ക്ലാസ് പി.ടി.എ ഇന്ന്
തൃശൂർ: കൊവിഡിന്റെ മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് വീണ്ടും ഓൺലൈൺ പഠനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ എല്ലാ ക്ലാസ് പി.ടി.എ യോഗങ്ങളും വിളിച്ചുചേർക്കും. 
തുടർന്ന് പി.ടി.എ ഭാരവാഹി യോഗങ്ങൾ, പി.ഇ.സി യോഗങ്ങൾ മുതലായവ ചേരാനും യോഗത്തിൽ തീരുമാനമായി. 26ന് ജിലയിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കാനും ചർച്ച ചെയ്യാനും തീരുമാനിച്ചു. ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.