 
മാള: വനം - വന്യജീവി വകുപ്പ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർക്ക് നൽകുന്ന 2021- 22 വർഷത്തെ വനമിത്ര അവാർഡിന് മാള പഞ്ചായത്ത് അണ്ണല്ലൂർ സ്വദേശിയായ വി.കെ. ശ്രീധരൻ അർഹനായി. ഇരുപത്തിഅയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് 21 വനദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കാടിന്റെ അനുഭൂതിയിൽ ശ്രീധരന്റെ വീടും കൃഷിയിടവും
നൂറ്റി ഇരുപത്തിഅഞ്ചോളം ഇനങ്ങളിലായി അഞ്ഞൂറിലധികം ഔഷധ സസ്യങ്ങൾ, വനവൃക്ഷങ്ങൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് വി.കെ. ശ്രീധരന്റെ കൃഷിയിടത്തിൽ ഉൾപ്പെടുന്നത്. മാള ചക്കാംപറമ്പ് ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്‌കൂളിലെയും കൊരട്ടി എം.എ.എം. ഹൈസ്‌കൂളിലെയും വനം വകുപ്പിന്റെ വിദ്യാവനത്തിന് ആവശ്യമായ തൈകൾ സംഭാവന നൽകിയതും ഇവിടെ നിന്നാണ്. കൃഷിയിടത്തിനെയും വീടിനെയും വേർതിരിക്കുന്നത് ജൈവവേലി ഉപയോഗിച്ചാണ്. ഇതുവഴി മണ്ണും ജലവും സംരക്ഷിക്കുകയാണ് ലക്ഷ്യം. പത്ത് സെന്റിൽ കാവും ഒരു ഫ്രൂട്ട് ഫോറസ്റ്റും രൂപപ്പെട്ടുവരുന്നു.
മുപ്പത്തിയേഴുവർഷമായി പരിസ്ഥിതി പരിരക്ഷാ പ്രവർത്തനങ്ങളിൽ വ്യാപൃതനായ വി.കെ. ശ്രീധരൻ ജില്ലാ പഞ്ചായത്തിന്റെ ജലരക്ഷാ ജീവരക്ഷയുടെ ടാക്‌സ്‌ഫോഴ്‌സ് അംഗം, ജൈവ വൈവിദ്ധ്യം - കാലാവസ്ഥാ വ്യതിയാനം വർക്കിംഗ് ഗ്രൂപ്പ് മെമ്പർ, കാലാവസ്ഥ വ്യതിയാനം റിസോഴ്‌സ് ഗ്രൂപ്പ് അംഗം, മാള ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവ വൈവിദ്ധ്യ പരിപാലന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി, നാട്ടറിവ് മേഖലകളിൽ പതിനാറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി കേരള ജൈവ കർഷക സമിതി പ്രയോക്താവായും ഇപ്പോൾ സന്നദ്ധ സംഘടനയായ ഇൻസ്‌പെയർ ഇന്ത്യയുടെ സെക്രട്ടറിയായും രംഗത്തുണ്ട്.