പുതുക്കാട്: മണ്ഡലത്തിലെ പാലപ്പിള്ളിയിൽ റാപ്പിഡ് റെസ്‌പോൺസ് ആൻഡ് വെറ്റിനറി എമർജൻസി ടീം അനുവദിക്കണമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നൽകി. കഴിഞ്ഞവർഷം പാലപ്പള്ളി ഫോറസ്റ്റ് ഏരിയയിൽ കാട്ടാന ശല്യം ഉൾപ്പെടെ വന്യജീവി ആക്രമണം നിരന്തരമായി ഉണ്ടായിരുന്നു. എട്ടോളം വിലപ്പെട്ട മനുഷ്യ ജീവനുകൾ കാട്ടാന ആക്രമണത്തിൽ നഷ്ടമായി. അനവധിപേരുടെ കൃഷിക്കും വീടിനും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്ന പാലപ്പിള്ളിയിൽ വന്യജീവി ആക്രമണം തടയുന്നതിനും പ്രതിരോധിക്കുന്നതിനുമായി റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥാപിച്ച് പ്രവർത്തനം നടത്തണമെന്ന ജനകീയ ആവശ്യം ശക്തമാകുന്നത്.