 
മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡ് എ.ഡി.എസ് തിരഞ്ഞെടുപ്പ്
കാഞ്ഞാണി: മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ എ.ഡി.എസ് തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി നിലവിൽവന്നു. രാധ മോഹനൻ ചെയർപേഴ്‌സണും ജിൽഷ പ്രസന്നൻ സെക്രട്ടറിയും, രജിത അനൂപ് വൈസ് ചെയർപേഴ്‌സണായും പതിനൊന്നാംഗ ഭരണസമിതി അധികാരമേറ്റു.
കഴിഞ്ഞ 16ന് നടത്തിയ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭരണസമിതിയെ തിരഞ്ഞടുത്തതെന്ന് കാണിച്ച് കളക്ടർക്കും കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിക്കും പരാതി നൽകിയതിനെ തുടർന്ന് രണ്ടാമതും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടത്. അതുപ്രകാരം 21ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും കോറം തികയാത്തതിനാൽ ഇന്നലെ നടത്തുകയായിരുന്നു. കോറം തികയാൻ അമ്പത് അംഗങ്ങളായിരുന്നു വേണ്ടിയിരുന്നത്.
ആർ.ഒ സുജിന്ദ്രൻ ടി.എസിന്റെ നേതൃത്വത്തിൽ അന്തിക്കാട് ബ്ലോക്ക് ജോ. ബി.ഡി.ഒ ഷോളി ടി.വി, പഞ്ചായത്ത് ജൂനിയർ സുപ്രണ്ട് എ.സി. അനിത, വി.ഇ.ഒ സിന്ധു കെ എന്നിവരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. 16ന് തിരഞ്ഞെടുത്ത ചെയർപേഴ്‌സൺ സ്മിജി ബിനോജിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കുടുംബശ്രീ പ്രവർത്തകർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പത്തൊമ്പത് അയൽകൂട്ടങ്ങളുള്ളതിൽ 14 കൂട്ടങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. അഞ്ചെണ്ണം വിട്ടുനിന്നു.
എസ്.സി സംവരണം അട്ടിമറിച്ചു എന്നതുൾപ്പടെയുള്ള തെറ്റായ പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങളാണ് റീ ഇലക്ഷൻ വിജയത്തിലൂടെ പൊതുസമൂഹത്തിന് ബോദ്ധ്യപ്പെട്ടത്.
കെ.വി. ഡേവിസ്
സി.പി.എം മണലൂർ ലോക്കൽ സെക്രട്ടറി
95 പേർ പങ്കെടുക്കേണ്ട തിരഞ്ഞെടുപ്പിൽ 51 പേരെ രാഷ്ട്രീയമായി ഇടപെട്ടാണ് പങ്കെടുപ്പിച്ചത്. എസ്.സി സംവരണം ഉൾപ്പെടെ അട്ടിമറിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എ.ഡി.എസ്, സി.ഡി.എസ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കും.
സ്മിജി ബിനോജ്
സി.പി.ഐ ആനക്കാട് വനിതാ ബ്രാഞ്ച് സെക്രട്ടറി