alpha-care
ആൽഫയിൽ ഡയാലിസിസിനെത്തുന്നവർക്കുള്ള സൗജന്യ യാത്രാ സേവനത്തിനുള്ള വാഹനത്തിന്റെ ഫ്ലാഗ് ഒഫ് നിർവഹിക്കുന്ന നാട്ടിക സ്വദേശി നാരായണൻ.

എടമുട്ടം: സാമൂഹ്യസേവന രംഗത്ത് നിരവധി സംഘടനകളുണ്ടെങ്കിലും ചരിത്രത്തിനൊപ്പം നടക്കാതെ ചരിത്രം രചിക്കുന്ന സംഘടനകൾ അധികമില്ലെന്നും ആൽഫ പാലിയേറ്റീവ് കെയറിനെ ചരിത്രം രചിക്കുന്ന സംഘടനയായാണ് താൻ കാണുന്നതെന്നും റവന്യു മന്ത്രി അഡ്വ. കെ. രാജൻ. ആൽഫ പാലിയേറ്റീവ് കെയറിനു കീഴിൽ 19 മെഷീനുകളുമായി പ്രവർത്തിക്കുന്ന ആൽഫ ഡയാലിസിസിന്റെ കുടുംബക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ ഡയാലിസിസിനെത്തുന്നവർക്ക് വാഹനസൗകര്യം, ഇൻജക്ഷനുകൾ, പ്രതിമാസ മെഡിക്കൽ ചെക്കപ്പുകൾ മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾ തുടങ്ങിയവയെല്ലാം സൗജന്യമായി നൽകുന്നതാണ് പദ്ധതി. ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദ്ദീൻ ആമുഖപ്രഭാഷണം നടത്തി. നിലവിൽ 19 മെഷീനുകളോടെ പ്രതിമാസം 1300ൽപ്പരം ഡയാലിസിസാണ് നടത്തുന്നത്. ജനങ്ങളുടെ കൂട്ടായ്മയിൽ 32 മെഷീനുകളും പ്രതിമാസം 2,500 ഡയാലിസിസുകളും എന്ന ലക്ഷ്യത്തിലേക്ക് ഉയർത്താനാണ് ആൽഫയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസ് സേവനം നേടുന്നവർക്കുള്ള സൗജന്യ യാത്രാ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് ഡയാലിസിസ് സേവനം നേടുന്ന നാട്ടിക സ്വദേശി പി.സി. നാരായണൻ നിർവഹിച്ചു.

അസോസിയേഷൻ ഒഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്‌സ് യു.എ.ഇ പ്രസിഡന്റ് ഡോ. ജോർജ് ജോസഫ് അദ്ധ്യക്ഷനായ ചടങ്ങിൽ എ.കെ.എം.ജി എമിറേറ്റ്‌സ് മുൻ പ്രസിഡന്റ് ഡോ. സിറാജുദ്ദീൻ പി. മൊയ്തീൻ, ഡോ. സഫറുള്ള ഖാൻ, രവി കണ്ണമ്പിള്ളിൽ, ടി.വി. രമേഷ്, ഡോ. ജോസ് ബാബു, വി.ജെ. തോംസൺ, ആൽഫ പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, ഡയാലിസിസ് എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.എഫ്. ജോയ് എന്നിവർ സംസാരിച്ചു. ഡോ. ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി ടെമ്പോ ട്രാവലർ വാഹനം ലഭ്യമാക്കി.