medical
കൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത

കൂടുതൽ ജീവനക്കാരെ നിയമിക്കാൻ തീരുമാനം

തൃശൂർ: കൊവിഡ് വ്യാപനവും ലാബ് ടെക്‌നീഷ്യൻമാരുടെയും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെയും കുറവും മൂലം പ്രവർത്തനം തന്നെ പ്രതിസന്ധിയിലായ മെഡിക്കൽ കോളേജിൽ കൂടുതൽ ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിക്കും. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നടക്കം 3000ലേറെ കൊവിഡ് പരിശോധനാ സാമ്പിളുകൾ എത്തുന്ന മെഡിക്കൽ കോളേജിൽ പരിശോധന പൂർത്തിയാക്കി നൽകാൻ സാധിക്കാത്തവിധം പ്രതിസന്ധിയിലാണ്. ഇത് സംബന്ധിച്ച് കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന അവലാകന യോഗത്തിൽ ലാബ് ടെക്‌നീഷ്യൻമാരെയും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കാൻ തീരുമാനിച്ചു. 12 ലാബ് ടെക്‌നീഷ്യൻമാരെയും ആറ് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും അടിയന്തരമായി നിയമിക്കാനാണ് തീരുമാനം. തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂറും സ്രവപരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. കിടപ്പ് രോഗികൾക്ക് ആന്റിജൻ പരിശോധന നിർബന്ധമാക്കി. രോഗ ലക്ഷണമുള്ള കൂട്ടിരിപ്പുകാരെ രോഗിയുടെ കൂടെ നിൽക്കാൻ അനുവദിക്കില്ല. കൊവിഡ് രോഗികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിലവിലെ സൗകര്യങ്ങൾ നിലനിറുത്താൻ തീരുമാനിച്ചു.

കൊവിഡ് നോഡൽ ഓഫീസറായി ഡോ. പാർവതി രാജേന്ദ്രനെ നിയമിക്കാനും തീരുമാനിച്ചു. കൊവിഡ് ചികിത്സാ വാർഡുകളിൽ ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഹെഡ് നഴ്‌സുമാർ അവിടെ എത്താത്ത് വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. ഇതേത്തുടർന്ന് ഹെഡ് നഴ്‌സുമാർ എല്ലാ ദിവസവും വാർഡിൽ ചെന്ന് നിരീക്ഷണം നടത്തണമെന്നും തീരുമാനിച്ചു. ഇന്ന് മുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമെ നടത്തു. ഇത് എന്ന് വേണമെന്ന് സർജനും അനസ്‌ത്യേഷ്യസ്റ്റും ചേർന്ന് തീരുമാനിക്കണമെന്നും നിർദ്ദേശിച്ചു.

പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ്, വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ, ഡോ. നിഷ എം. ദാസ്, ആർ.എം.ഒ ഡോ. രൺദീപ്, ഡോ. ബീനു അരീക്കൽ, ഡോ. ജിജിത്ത് കൃഷ്ണൻ തുടങ്ങിയവരും വകുപ്പ് മേധാവികളും നോഡൽ ഓഫീസർമാരും ചേർന്ന യോഗത്തിലാണ് തീരുമാനം.

മെഡിക്കൽ കോളേജിൽ നിലവിലെ കൊവിഡ് ചികിത്സാ സംവിധാനം

ഓക്‌സിജൻ കിടക്കകൾ - 120
സാധാരണ കിടക്കകൾ - 80
ഐ.സി.യു - 35
ഡയാലിസിസ് - 3
എസ്.എൻ.സി.യു - 5
വാർഡ് 11 -ഐ.സി.യു - 15
വെന്റിലേറ്റർ - 15


മറ്റ് വിലയിരുത്തലുകളും തീരുമാനങ്ങളും

ട്രയാജ് പ്രവർത്തനം

നിലവിലുള്ള ഡോക്ടമാരുടെ എണ്ണം വർദ്ധിപ്പിക്കില്ല, ട്രയാജിൽ ആവശ്യമായ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.

വാക്‌സിനേഷൻ

ഇതുവരെ 1350 ൽപരം ജീവനക്കാർ കരുതൽ ഡോസ് പൂർത്തിയാക്കി. അടുത്ത ദിവസങ്ങളിൽ ആദ്യ റൗണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കും.

ആംബുലൻസ്
പുതിയ ആശുപത്രിയിൽ കൊവിഡ് രോഗികളെ മാറ്റുന്നതിന് ആവശ്യമായ ആംബുലൻസുകളുടെ കുറവ് പരിഹരിക്കാൻ നെഞ്ച് രോഗാശുപത്രിയിലെ രണ്ട് ആംബുലൻസുകൾ ലഭ്യമാക്കും.