minister

തൃശൂർ: വർഷങ്ങളായി സൈക്കിൾ യാത്ര ഹരമാക്കിയ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം നടന്ന സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതും തന്റെ പ്രിയപ്പെട്ട ഹെർക്കുലിസ് സൈക്കിളിൽ. മുൻമന്ത്രി പാർട്ടി സമ്മേളനത്തിന് സൈക്കിളിൽ എത്തിയതുകണ്ട് പലരും ഫോട്ടോയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സമ്മേളനം കഴിഞ്ഞ് അഞ്ചു കിലോമീറ്റർ അകലെയുളള വീട്ടിലേക്ക് രാത്രിയിൽ മടങ്ങിയതും സൈക്കിളിൽത്തന്നെ. മുമ്പ് കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്തും പിന്നീട് നഗരത്തിലെ ചടങ്ങുകൾക്കും മറ്റും എത്തിയിരുന്നതും കാനാട്ടുകരയിലെ വീട്ടിൽ നിന്ന് സൈക്കിൾ ചവിട്ടിയായിരുന്നു. സ്കൂൾ പഠനകാലത്ത് സൈക്കിൾ സവാരി തുടങ്ങിയതാണ്. അതിനൊരു ഇടവേളയുണ്ടായത് എം.എൽ.എയും മന്ത്രിയുമായപ്പോഴാണ്. സൈക്കിൾ സവാരി ജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.