news
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എട്ടംപുറത്ത് താലൂക്ക് സർവേയർ സ്ഥലം പരിശോധിക്കുന്നു.

കുന്നംകുളം: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എട്ടംപുറത്ത് സി.പി.എം ജനപ്രതിനിധി പുറമ്പോക്ക് സ്ഥലം കൈയ്യേറിയ സംഭവത്തിൽ താലൂക്ക് സർവേയർ സ്ഥലം പരിശോധിച്ചു. 120 മീറ്റർ നീളത്തിലുള്ള റോഡിന്റെ ഒരു വശത്ത് വാർഡ് മെമ്പറുടെ കുടുബവും ബന്ധുക്കളുമടക്കം 6 വീട്ടുകാർ 2 മുതൽ 3 മീറ്റർ വരെ കൈയ്യേറിയത് കണ്ടെത്തി അടയാളപ്പെടുത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവലിലായിരുന്നു താലൂക്ക് സർവേയർ കൈയ്യേറ്റം അളന്ന് തിട്ടപ്പെടുത്തിയത്. പ്രദേശവാസിയായ വികാസ് മോഹൻ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ മാസം വില്ലേജ് ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിൽ കൈയ്യേറ്റമുണ്ടെന്ന് ബോദ്ധ്യമായിരുന്നു. ഇതേ തുടർന്നാണ് താലൂക്ക് സർവേയർ വിശദമായ സർവേ നടത്തിയത്. പഞ്ചായത്ത് പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കാൻ വികാസ് നൽകിയ പരാതി പരിഗണിക്കേണ്ടതില്ല എന്നായിരുന്നു സി.പി.എം ഭരണത്തിലുള്ള പഞ്ചായത്തിന്റെ ആദ്യ തീരുമാനം. കൈയ്യേറ്റത്തിനെതിരെ പ്രതികരിച്ചതിനും പരാതി നൽകിയതിനും തനിക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി വികാസ് മോഹൻ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അതിന് ശേഷം കഴിഞ്ഞ പുതുവർഷ രാവിൽ വികാസ് മോഹനെ വാർഡ് മെമ്പറും കൂട്ടരും ആക്രമിക്കുകയും വാർഡ് മെമ്പറെയടക്കം പ്രതി ചേർത്ത് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

വാർഡ് മെമ്പറും ബന്ധുക്കളും നടത്തിയ വ്യാപക പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് ഉടൻ നടപടിയെടുക്കണം

-പ്രദേശവാസികൾ