 
വടക്കാഞ്ചേരി: പരാതികൾക്കും നിവേദനങ്ങൾക്കും നേരെ അധികൃതർ മുഖം തിരിച്ച് നിന്നപ്പോൾ നീതിക്ക് വേണ്ടി വൃദ്ധൻ നടത്തിയ സന്ധികളില്ലാത്ത പോരാട്ടം ഒടുവിൽ വിജയത്തിലേയ്ക്ക് അടുക്കുന്നു. റീസർവേയിലൂടെ തനിക്ക് നഷ്ടപ്പെട്ട മൂന്ന് സെന്റ് ഭൂമിയും വീടും തിരിച്ചുപിടിക്കാൻ ഓട്ടുപാറ സ്വദേശി കുണ്ടുപറമ്പിൽ യൂസഫ് (76) നടത്തിയ പോരാട്ടമാണ് ഒടുവിൽ വിജയം കാണുന്നത്. പരമ്പരാഗതമായി കൈവശം വച്ച് വരുന്ന എല്ലാ രേഖകളുമുള്ള മൂന്ന് സെന്റ് സ്ഥലത്തിന്റെ നികുതി തുടർന്നും അടയ്ക്കാൻ അനുമതി തരണമെന്നും താമസിക്കുന്ന കൊച്ചുവീട്ടിൽ നിന്ന് ഇറക്കിവിടരുതെന്നുമായിരുന്നു ഈ വൃദ്ധന്റെ ആവശ്യം. തനിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂസഫ് കഴിഞ്ഞ ആറ് വർഷത്തിലധികമായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലാവരും സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് കയ്യൊഴിഞ്ഞപ്പോൾ വാർദ്ധക്യത്തിന്റെ അവശകളേക്കാൾ വലിയ ധർമ്മസങ്കടത്തിലായിരുന്നു യൂസഫ്.
വർഷങ്ങൾക്ക് മുമ്പ് നടന്ന റീസർവേയുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടികൾ മൂലം തന്റെ വീടും സ്ഥലവും ക്രയവിക്രയം ചെയ്യാനോ നികുതി അടയ്ക്കുന്നതിനോ കഴിയുന്നില്ലെന്ന് യൂസഫ് പറയുന്നു. സംസ്ഥാന പാതയോട് ചേർന്ന് താമസിക്കുന്ന വൃദ്ധൻ വില്ലേജ് ഓഫീസർ മുതൽ മന്ത്രിമാർ വരെയുള്ള ഉന്നത അധികാരികൾക്ക് അപേക്ഷ നൽകിയിട്ടും പ്രയോജനമുണ്ടായില്ലത്രെ. താലൂക്ക് അദാലത്തിലും മന്ത്രിതലം വരെ നിവേദനം നൽകിയിട്ടും നിരാശ മാത്രമായിരുന്നു ഫലം. ഒടുവിൽ തനിക്ക് പൂർവികമായി ലഭിച്ചതും പതിറ്റാണ്ടുകളായി നികുതി അടച്ച് വരുന്നതുമായ ഭൂമി എങ്ങനെ ഇല്ലാതാകുമെന്ന ചോദ്യവുമായി യൂസഫ് ജില്ലാതല അദാലത്തിൽ പങ്കെടുത്തു. കോടതിയേയും സമീപിച്ചു. തന്റെ അയൽവാസിക്കുണ്ടായിരുന്ന ഒരു സെന്റ് ഭൂമി നാലര സെന്റായി വർദ്ധിച്ചത് ചോദ്യം ചെയ്ത യൂസഫിന് അനുകൂലമായി ഒടുവിൽ നിലക്കൊണ്ടു നീതിപീഠം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കളക്ടറുടെ നിർദ്ദേശാനുസരണം വീണ്ടും സർവേ നടന്നു. റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ തന്റെ മൂന്ന് സെന്റ് ഭൂമി തനിക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധൻ.
സ്വന്തമായുണ്ടായിരുന്ന മൂന്ന് സെന്റ് ഭൂമി ലഭിക്കുമെന്ന പ്രതീക്ഷ കൈവന്നു. ഇനി മരിച്ചാലും വേണ്ടില്ല.
-യൂസഫ്-