ചാവക്കാട്: ഒരുമനയൂർ ഒറ്റതെങ്ങിൽ കറുപ്പം വീട്ടിൽ നിസാറിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ഹാഫിസ (27) ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ മരിച്ചതിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ചാവക്കാട് പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, സെക്രട്ടറി കെ.യു. കാർത്തികേയൻ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഹാഫിസയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും രണ്ടു മക്കളും ഒന്നിച്ച് അബുദാബിയിലായിരുന്നു. ഒരാഴ്ച്ച മുമ്പാണ് കുടുംബവുമൊന്നിച്ച് ഹാഫിസ നാട്ടിലെത്തിയത്. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിനായി വീടും സ്ഥലവും വിൽപ്പന നടത്തണമെന്ന ഭർത്താവിന്റെ തീരുമാനത്തെ ഹാഫിസ എതിർത്തതോടെ ഇതിന്റെ വൈരാഗ്യത്തിൽ ഹാഫിസയോട് ഭർത്താവ് അതിക്രമം നടത്തിയിരുന്നതായും പൊലീസിൽ കൊടുത്ത പരാതിയിൽ ഉണ്ടായിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണെന്ന് യുവതിയുടെ മരണമെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസയുടെ അമ്മ മുംതാസ് രേഖാമൂലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിക്ക് കൂടെ അവകാശമുള്ള വീടും സ്ഥലവും വിൽക്കാൻ സമ്മതിക്കണമെന്ന് നിർബന്ധിച്ച് നിരന്തരം ഭർത്താവിന്റെ പീഡനം യുവതിക്ക് ഏൽക്കേണ്ടി വന്നതായി അമ്മ പരാതിയിൽ പറയുന്ന കാര്യം അന്വേഷണത്തിന് വിധേയമാക്കണം. യുവതിയുടെ ഒമ്പതും ഏഴും വയസുള്ള കുട്ടികളുടെ മൊഴിയെടുക്കാൻ പൊലീസ് തയ്യറാകണമെന്നും പൗരാവകാശ വേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.