ചാലക്കുടി: തുമ്പൂമുഴി ഗാർഡനിൽ വികസനത്തിന്റെ വേലിയിറക്കം. അതിരപ്പിള്ളി വിനോദ സഞ്ചാര ഭൂപടത്തിന്റെ കവാടമായ തുമ്പൂർമുഴി രണ്ടുവർഷം മുമ്പുവരെ അഭിമാന മാതൃകയായിരുന്നു. എന്നാലിപ്പോൾ സഞ്ചാരികളകന്ന് ശോഷണാവസ്ഥയിലാണ് ഈ റിവർ ഗാർഡൻ.
ചിത്രശലഭപാർക്ക് പേരിൽ മാത്രമായി ഒതുങ്ങി. സംസ്ഥാനത്ത് ആദ്യമായി ജംഗിൾ സഫാരി ഏർപ്പെടുത്തിയിടത്ത് ആ പദ്ധതി പേരിന് പോലുമില്ല. ടൂറിസം മേഖലയിലും മാലിന്യ സംസ്‌കരണ പ്ലാന്റാകാമെന്ന് തെളിയിച്ച തുമ്പൂർമുഴി മോഡലും നിലച്ചു.
കൊവിഡ് കാരണമായി പറയുമ്പോഴും അധികൃതരുടെ സ്വാർത്ഥ താത്പര്യങ്ങളും മറ്റും തുമ്പൂർമുഴിയെ തളർത്താൻ കാരണമായിട്ടുണ്ട്.
പരിചരണമില്ലാതെ ശലഭപാർക്ക്
ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികളിൽ ഭൂരിഭാഗവും പരിചരണമില്ലാതെ നശിച്ചു. ഏറ്റവും കൂടുതൽ ദേശാടനശലഭങ്ങൾ തുമ്പൂർമുഴിയിൽ എത്തുക പതിവായിരുന്നു. അനുകൂല സാഹചര്യം നഷ്ടമായതോടെ ശലഭങ്ങൾ പറന്നകന്നു. കഴിഞ്ഞ ഒന്നരവർഷത്തോളമായി ചെടികൾ നടുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ലെന്ന് ബന്ധപ്പെട്ടവർ തന്നെ വിശദീകരിക്കുന്നു.
പെരുവഴിയിൽ ജംഗിൾ സഫാരി
തുമ്പൂർമുഴിയിലെ ജംഗിൾ സഫാരിക്ക് ചുവടുപിടിച്ചാണ് സംസ്ഥാനത്തെ നിരവധി കേന്ദ്രങ്ങളിൽ വനയാത്രകൾക്ക് തുടക്കമിട്ടത്. ഒരു വാഹനത്തിൽ നിന്നും തുടങ്ങി മൂന്നെണ്ണത്തിൽ എത്തിയ തുമ്പൂർമുഴിയുടെ മികവിൽ 60 ലക്ഷത്തോളം രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി പോലും കൊവിഡ് പ്രതിസന്ധികൾക്കിടെ മലക്കപ്പാറ യാത്ര സംഘടിപ്പിച്ചിരുന്നു.
മൂന്നു വാഹനങ്ങൾ സ്വന്തമായുള്ള തുമ്പൂർമുഴിയിൽ കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ജംഗിൾ സഫാരി നിലച്ചു. അധികൃതരുടെ തലതിരിഞ്ഞ നയം മൂലം ജംഗിൾ സഫാരിയുടെ വാഹനം തുരുമ്പെടുത്ത് നശിക്കുകയാണ്. വരുമാനം ഇടിഞ്ഞതോടെ ടൂറിസം യാത്രയിൽ നിന്നും സ്വരുക്കൂട്ടിയ ഫണ്ടെല്ലാം ഇല്ലാതായി. അറുപത് ലക്ഷത്തോളം രൂപയുടെ നീക്കിയിരിപ്പ് ഇല്ലാതായപ്പോഴും അധികൃതർ തുടരുന്നത് അനങ്ങാപ്പാറ നയം.
നോക്കുകുത്തിയായി തുമ്പൂർമുഴി മോഡൽ
പാർക്കിനുള്ളിലെ മാലിന്യ സംസ്‌കരണ സംവിധാനം ഒന്നര വർഷമായി നിശ്ചലം. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും മാതൃകാ പഠനത്തിനെത്തിയ തുമ്പൂർമുഴി മോഡൽ ഇപ്പോൾ നോക്കുകുത്തി. ഇല്ലായ്മയിൽ നിന്നും പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പ്രസ്ഥാനം ഇപ്പോൾ പടുകുഴിയിലാകുന്നതിന് മുഖ്യകാരണം ജില്ലാ ടൂറിസം മേധാവികളുടെ തലതിരിഞ്ഞ നയം. ഉദ്യോഗസ്ഥരുടെ ഇംഗിതങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ജനപ്രതിനിധികൾ നിസംഗത തുടർന്നാൽ നഷ്ടപ്പെടുന്നത് നാടിന്റെ പുരോഗതി ഉയർത്തിപ്പിടിച്ച വഴികാട്ടിയായ പ്രസ്ഥാനമാകും.