കൊടുങ്ങല്ലൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളിയുടെ ജീവന് തുണയായി അഴീക്കോട് കോസ്റ്റൽ പൊലീസ്. ഇന്നലെ പുലർച്ചെ മുനമ്പത്ത് നിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിനായി പോയ സീലോഡ് എന്ന ബോട്ടിലെ തൊഴിലാളിയായ ബംഗാൾ സ്വദേശി സഞ്ജയ് ദാസിനാണ് മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്.

തുടർന്ന് കോസ്റ്റൽ സ്റ്റേഷനിൽ വിവരം അറിയിച്ചത് പ്രകാരം അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ഫാസ്റ്റ് ഇന്റർസെപ്റ്റർ റെസ്‌ക്യു ബോട്ടിൽ ഇൻസ്പെക്ടർ ഇ. ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ശിവൻ, സി.പി.ഒ ഗോപേഷ്, സ്രാങ്ക് ഹാരീസ്, ബോട്ട് കമാന്റർ ജോബിൻ, കോസ്റ്റൽ വാർഡൻ അജ്മൽ എന്നിവർ ചേർന്ന് എട്ട് നോട്ടിക്കൽ വടക്ക് പടിഞ്ഞാറ് ഭാഗത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മുനമ്പം ഹാർബറിലെത്തിച്ച ശേഷം തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.