കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പത്താഴക്കാട് കവർച്ച നടന്ന വീട്ടിൽ വിരലടയാള വിദഗ്ദ്ധദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മുള്ളൻബസാർ പത്താഴക്കാട് റോഡിൽ കാട്ടകത്ത് ബാജു റഹ്മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണം കവരുകയായിരുന്നു.

വീട്ടിലെ സി.സി.ടി.വി കാമറകൾ ദിശ മാറ്റിയ നിലയിലായിരുന്നു. വീടിന്റെ മുൻവാതിലും, പിറകുവശത്തെ വാതിലും കുത്തിത്തുറന്ന നിലയിലാണ്. നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡി.വി.ആ‌ർ നഷ്ടപ്പെട്ടിട്ടുണ്ട്.

വിരലടയാള പരിശോധനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ബാജു റഹ്മാനും കുടുംബവും ദുബായിലാണ് താമസം. ശനിയാഴ്ച വൈകിട്ട് ചെടികൾ നനയ്ക്കാനെത്തിയ വീട് സൂക്ഷിപ്പുകാരൻ രാധാകൃഷ്ണനാണ് മോഷണം നടന്നത് ആദ്യമറിഞ്ഞത്. തുടർന്ന് മതിലകം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.