narcotics

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് പിന്നാലെ ഹൗസ് സർജനും തൃശൂരിൽ പിടിയിലായത് ഞെട്ടലോടെയാണ് ജനം കേട്ടത്. ഗവ.മെഡിക്കൽ കോളേജിലെ 15 ഡോക്ടർമാർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതോടെ ആയിരക്കണക്കിന് രോഗികളും ആധിയിലായി. രോഗികളെ ചികിത്സിച്ചത് മയക്കുവലയിൽ വീണ ചില ഡോക്ടർമാരായിരുന്നു എന്നത് അസാധാരണമായ സംഭവമായിരുന്നു.

മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് പിടിയിലായ ഹൗസ് സർജൻ അക്വിൽ മുഹമ്മദാണ്, 15 ഡോക്ടർമാർ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്ന് മൊഴി നൽകിയത്. തന്റെ റൂമിൽ വന്നാണ് ഇവ ഉപയോഗിക്കാറുള്ളതെന്നും പൊലീസിന് വിവരം നൽകി.

അന്തർസംസ്ഥാന വോൾവോ ബസുകളിലാണ് മയക്കുമരുന്നിന്റെ കടത്ത്. കുറഞ്ഞ അളവിന് പോലും വൻവില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പം. സാധാരണ ഉപയോഗിക്കുന്ന ബാഗുകളിൽ മറ്റാർക്കും സംശയം തോന്നാത്ത വിധം പൊതികളാക്കി ഒളിപ്പിക്കും. നാട്ടിലെത്തിയാൽ ചില്ലറ വിൽപ്പനക്കാരിലേക്കെത്തിക്കാൻ കമ്മിഷൻ പറഞ്ഞുറപ്പിച്ച് യുവാക്കളെയാണ് നിയോഗിക്കുക. പിടിയിലായാലും മുഖ്യകണ്ണികളിലേക്ക് അന്വേഷണമെത്തില്ല. മയക്കുമരുന്ന് നാട്ടിലെത്തിച്ചാൽ നിശ്ചയിച്ച കമ്മിഷൻ ലഭിക്കും.
കഴിഞ്ഞദിവസം തൃപ്രയാറിൽ എം.ഡി.എം.എയുമായി കെമിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി പിടിയിലായിരുന്നു. പഴുവിൽ എടക്കാട്ടുതറ വീട്ടിൽ മുഹമ്മദ് ഷഹീൻ ഷായെയാണ് (22 ) പിടികൂടിയത്. ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്. പ്രതിയുടെ ഉപഭോക്താക്കളിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു. സ്‌കൂൾ, കോളേജ് പരിസരങ്ങളിലാണ് വിൽപ്പന കൂടുതൽ.

ഇതോടെ മെഡിക്കൽ കോളേജ് പരിസരങ്ങളിലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ചും വ്യാപക പരിശോധനകളും കൗൺസിലിംഗുകളും ബോധവത്കരണ പരിപാടികളും വ്യാപകമാക്കുകയാണ് പൊലീസ്. കേരളത്തിൽ നിന്നുള്ള ഇടനിലക്കാർ ബംഗളൂരുവിലെത്തി ആവശ്യമുള്ള മയക്കുമരുന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതായാണ് പൊലീസിന് കിട്ടിയ വിവരം.

അക്വിൽ മുഹമ്മദ് ഹുസൈൻ്റെ കൈയിൽ നിന്ന് 2.4 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. കോഴിക്കോട് സ്വദേശിയായ അക്വിൽ പതിനഞ്ച് ദിവസത്തിനകം ഹൗസ് സർജൻസി പൂർത്തിയാക്കേണ്ടതായിരുന്നു. ഡോക്ടർമാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് സിറ്റി ഷാഡോ പൊലീസ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. സ്വകാര്യ ഹോസ്റ്റലിൽ രാത്രി സ്ഥിരമായി ഡോക്ടർമാർ എത്തുന്നതായും കണ്ടെത്തിയിരുന്നു. ഷാഡോ പൊലീസും മെഡിക്കൽ കോളേജ് പൊലീസും സംയുക്തമായി ഹോസ്റ്റലിൽ റെയ്ഡ് നടത്തിയാണ് അക്വിലിനെ പിടികൂടിയത്. മുറിയിൽ നിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിലിൻ്റെ ഒഴിഞ്ഞ കുപ്പികൾ, കഞ്ചാവ് വലിക്കാനുള്ള ഒ.സി.ബി പേപ്പറുകൾ എന്നിവയും കണ്ടെടുത്തു.

മയക്കുമരുന്നിന്റെ ലഹരിയിലേക്ക് കൗമാരക്കാർ കൂടുതലെത്തുന്നുണ്ട്. ലഹരി ഉപയോഗിച്ചശേഷമുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് കണക്കുകളും വ്യക്തമാക്കുന്നു. മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവരാണ് പിന്നീട് കാരിയർമാരായി മാറുന്നത്. ഒരേസമയം പണവും ലഹരിയും ലഭിക്കുന്നതാണ് കൗമാരക്കാർക്കുള്ള ആകർഷണം. വിതരണ ശൃംഖലയിൽ ചേർന്ന് കാരിയറായി പിടിയിലായവർ കൂടുകയാണ്. പെൺകുട്ടികളും കാരിയർമാരാകുന്നുണ്ട്. ഡാൻസ് പാർട്ടികൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്കിടയിലെല്ലാം ആവശ്യക്കാരെ തേടി കാരിയർമാരുണ്ടാകും.

എം.ഡി.എം.എ (മിഥലിൻ ഡയോക്‌സി മെത്താഫിറ്റമിൻ) മയക്കുമരുന്നുകളിലെ 'ബൂസ്റ്റർ ഡോസ് ' പോലെയാണ്. എക്‌സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും അറിയപ്പെടുന്ന എം.ഡി.എം.എ നാട്ടിൻപുറങ്ങളിലും ലഭ്യം. വീര്യം കൂടിയതിനും കുറഞ്ഞതിനും വിലയിലും ഏറ്റക്കുറച്ചിൽ. ക്യാപ്‌സ്യൂൾ, ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ കിട്ടും. വാഹനമോടിക്കുമ്പോൾ പൊലീസ് പിടിച്ചാലും പരിശോധനയിൽ കുടുങ്ങില്ല, ഗന്ധമോ മറ്റോ പ്രകടമാവില്ല. അതുകൊണ്ടു തന്നെ ആവശ്യക്കാർ ധാരാളം. വളരെ ചെറിയ അളവിൽ എം.ഡി.എം.എ ഉപയോഗിച്ചാൽ പോലും ആറ് മണിക്കൂർ വരെ ലഹരിയുണ്ടാകും.
വിഷാദ രോഗം, ഓർമ്മക്കുറവ്, കാഴ്ച ശക്തി നഷ്ടമാകൽ, ഹൃദ്രോഗം, നാഡികളുടെ തളർച്ച എന്നിവയ്ക്ക് കാരണമാകും. തുടർച്ചയായ ഉപയോഗം വളരെപ്പെട്ടെന്ന് മറ്റ് മാരകരോഗങ്ങളിലേക്കും മരണത്തിലേക്കും വഴിതുറക്കും.

അര ഗ്രാം വരുന്ന ഒരു ഡോസ് എം.ഡി.എം.എ 3000 രൂപയ്ക്ക് സഹപാഠികൾക്ക് വിൽക്കാറുണ്ടെന്നും തന്റെ മുറിയിൽ വന്നാണ് ഇവർ ലഹരി ഉപയോഗിക്കുന്നതെന്നും അക്വിൽ മൊഴി നൽകിയിരുന്നു. ഇടനിലക്കാർ വഴിയാണ് എത്തുന്നത്. എം. ഡി. എം. എ ബംഗളൂരുവിൽ നിന്നും ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് കൊണ്ടുവന്നത്. മൂന്ന് വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് കൗൺസിലിംഗും പൊലീസ് ഒരുങ്ങുന്നുണ്ട്. അക്വിലിന്റെ ഫോണിലേക്ക് ലഹരിമരുന്നിനായി നിരവധി പേർ വിളിച്ചിട്ടുണ്ട്. ഇവരുടെ നമ്പർ പൊലീസ് ശേഖരിച്ചിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഹൗസ് സർജൻ പിടിയിലായ സംഭവത്തിൽ, പ്രതിയുടെ വീഡിയോ പുറത്തുവിട്ടതിന് പൊലീസിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് തൃശൂർ അസി. കമ്മിഷണറെ ചുമതലപ്പെടുത്തിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട്, യാതൊരു വിവരങ്ങളും വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെയാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്. ചില ഡോക്ടർമാരുടെ പേരുവിവരങ്ങളും വീഡിയോയിൽ പ്രതി പറയുന്നുണ്ടായിരുന്നു.

ഡോക്ടർമാർ തന്നെ മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് അറിവു കിട്ടിയിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല. കമ്മിഷണറുടെ നിർദ്ദേശപ്രകാരം പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കോളജ് കാമ്പസ് കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ മയക്കു മരുന്ന് മാഫിയ എത്തുന്നതായുള്ള സൂചനയും പൊലീസിന് നേരത്തെ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസും മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പുതുവർഷത്തിന് നടത്താൻ നിശ്ചയിച്ചിരുന്ന ഡി.ജെ പാർട്ടി പ്രിൻസിപ്പൽ ഇടപെട്ട് തടഞ്ഞിരുന്നു. കഴിഞ്ഞദിവസം മയക്കുമരുന്ന് ഉപയോഗം നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. അത് അടിപിടിയിൽ കലാശിക്കുകയും ചെയ്തു. സ്ഥലത്ത് എത്തിയ മെഡിക്കൽ കോളേജ് പൊലീസിനോട് ഡോക്ടർമാർ പരാതി ഇല്ലെന്ന് പറഞ്ഞതോടെ പൊലീസ് മടങ്ങി. രണ്ട് മാസം മുമ്പ് യുവ ഡോക്ടർ, വാർഡിൽ പ്രസവം കഴിഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിന് പൊലീസ് കേസെടുത്തിരുന്നു.