vkn
വി.കെ.എൻ. സ്മാരകം

തൃശൂർ: സ്ഥലമുണ്ട്, കെട്ടിടമുണ്ട്. വേണ്ടത്, സാഹിത്യത്തിൽ വി.കെ.എൻ. നൽകിയ സംഭാവനകളെ സമൂഹത്തിലെത്തിക്കാനുള്ള പ്രവർത്തനമാണ്. നാമമാത്രമായി നിൽക്കുന്ന തിരുവില്വാമലയിലെ വി.കെ.എൻ സ്മാരകത്തെ ഇനിയെങ്കിലും സജീവമാക്കാമെന്ന പ്രതീക്ഷയിലാണ് സ്മാരക സമിതി. വി.കെ.എൻ ഓർമയായിട്ട് 18 കൊല്ലം പിന്നിടുമ്പോഴും കുടുംബം വിട്ടുകൊടുത്ത സ്ഥലത്ത് സ്മാരകം നിർമ്മിച്ചതല്ലാതെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കെട്ടിടമുണ്ടാക്കാൻ വർഷങ്ങൾക്ക് മുമ്പ് സാഹിത്യ അക്കാഡമിയുടെയും പഞ്ചായത്തിന്റെയും ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ടാക്കിയ കമ്മിറ്റി പിന്നീട് സ്മാരക സമിതി ആവുകയായിരുന്നു. സ്മാരക നിർമ്മാണത്തിനു വേണ്ടി വി.കെ.എൻ കുടുംബം 2010ൽ ഏഴ് സെന്റ് വിട്ടുകൊടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ സ്മാരക മന്ദിരം ഉയർന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനും കെട്ടിട നിർമ്മാണത്തിനുള്ള തുക അനുവദിച്ചത് സാഹിത്യ അക്കാഡമിക്കുമായിരുന്നു. ഇത് ഇവർ തമ്മിലുള്ള ശീതസമരത്തിനും പ്രവർത്തനം മന്ദീഭവിക്കാനും കാരണമായി. അക്കാഡമിക്ക് പൂർണമായും സ്ഥലം വിട്ടുകൊടുക്കാൻ പഞ്ചായത്തിന് പ്രശ്‌നമില്ലെന്നാണ് അറിയുന്നത്. തങ്ങളുടെ കീഴിൽ വന്നെങ്കിലെ അക്കാഡമിക്കും താത്പര്യമുണ്ടാകൂ. കഴിഞ്ഞ വർഷം നാല് സെന്റ് സ്ഥലം കൂടി വി.കെ.എൻ കുടുംബം വിട്ടുകൊടുത്തിട്ടുണ്ട്. ഇത് കൂടി ചേർത്ത് മികച്ച സാംസ്‌കാരിക കേന്ദ്രമാക്കാനുള്ള സാദ്ധ്യതയുണ്ട്.
പുതുതലമുറക്ക് പരിചയപ്പെടുത്താനായി വി.കെ.എന്നെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിച്ച് സന്ദർശകർക്കിടയിൽ പ്രദർശിപ്പിക്കുക, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുക, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് പരിപാടികൾ ആവിഷ്‌കരിക്കുക എന്നിവയാണ് സ്മാരക സമിതിയുടെ പരിഗണനയിലുള്ളത്. സ്മാരക വികസനത്തിനായി കഴിഞ്ഞ വർഷം ബഡ്ജറ്റിൽ രണ്ട് കോടി വകയിരുത്തിയിട്ടുണ്ട്.

സ്വതന്ത്രമായ സ്മാരക സമിതി ഇപ്പോഴാണ് നിലവിൽ വന്നത്. ഇനി നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ സമിതിയുടെ നേതൃത്വത്തിൽ പ്രസിദ്ധർ ഉൾപ്പെടുന്ന വാട്‌സ് ആപ് ഗ്രൂപ്പിൽ വി.കെ.എൻ സാഹിത്യം ചർച്ച ചെയ്യാറുണ്ട്.
-കെ.ആർ. മനോജ്കുമാർ
(സെക്രട്ടറി, വി.കെ.എൻ. സ്മാരക സമിതി)

അനുസ്മരണം ഇന്ന്

വി.കെ.എൻ അനുസ്മരണം ഇന്ന് രാവിലെ 9.30ന് വടക്കേ കൂട്ടാല വീട്ടിൽ നടക്കും. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. കൊവിഡ് സാഹചര്യത്തിൽ ലളിതമായാണ് ചടങ്ങ്.


വി.കെ.എൻ. സ്മാരകം