 
തൃശൂർ: പത്താം ചരമവാർഷികദിനത്തിൽ സുകുമാർ അഴീക്കോടിന്റെ ഓർമ്മകൾ വീണ്ടും നിറഞ്ഞപ്പോൾ , പതിനായിരക്കണക്കിന് പുസ്തകങ്ങളും ഫലകങ്ങളുമെല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുള്ള സ്മാരകമന്ദിരത്തിലേക്കായിരുന്നു ഇന്നലെ എല്ലാവരുടെയും ശ്രദ്ധ. ഗ്രന്ഥശേഖരം ഉപയോഗപ്പെടുത്താൻ കഴിയാത്തതിന്റെ പരിഭവം ഏറെപ്പേർക്കുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് മന്ദിരം നോക്കിനടത്തുന്നത്. ഇന്നലെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജൻ ഒരു വർഷത്തിനകം മന്ദിരം നവീകരണം നടത്തി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതും കാത്തിരിക്കുകയാണ് സഹൃദയലോകം.
കേരളത്തിലെമ്പാടുമുള്ള സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെക്കൊണ്ട് എന്നും ഈ വീട് നിറഞ്ഞു നിന്നിരുന്നു.
പത്തു വർഷക്കാലമായി വീട് വിജനമായി. സാംസ്‌കാരികവകുപ്പ് ഏറ്റെടുത്ത വീട് കേരള സാഹിത്യ അക്കാഡമിക്ക് കൈമാറിയിരുന്നു. വീടിനു മുന്നിൽ സാംസ്‌കാരികവകുപ്പിന്റെ ബോർഡും സ്ഥാപിച്ചു.
അഴീക്കോടിന്റെ ശിഷ്യരും സുഹൃത്തുക്കളും ആരാധകരുമായി നിരവധി പേർ എല്ലാ ജില്ലകളിലുമുണ്ട്. ഇരവിമംഗലത്തും തൃശൂരുമെല്ലാമുള്ള നാട്ടുകാരുടെ വലിയ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ വിപുലമായ ജനകീയസമിതി തന്നെ സ്മാരക മന്ദിരം യാഥാർത്ഥ്യമാകാൻ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഡോ. സുകുമാർ അഴീക്കോട് സ്മാരകത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി ഒരു സേവന സമിതി അല്ലെങ്കിൽ സുഹൃത്ത് സമിതി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സുകുമാർ അഴീക്കോട് വിശിഷ്ട അംഗമായിരുന്ന ഇരവിമംഗലം ഗ്രാമീണ വായനശാല, അഴീക്കോട് സ്മാരകം നിലനിൽക്കുന്ന നടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി, പ്രദേശത്തുള്ള ബന്ധപ്പെട്ട ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സമിതി ഉണ്ടാകുന്നത് നല്ലതാണ്. സാഹിത്യ അക്കാഡമിക്ക് കീഴിൽ ഇത്തരത്തിൽ ധാരാളം എഴുത്തുകാരുടെ സ്മാരകങ്ങൾ ഇപ്പോൾ തന്നെ ഉണ്ട്. ഇനിയും എണ്ണം കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് ഇവയെല്ലാം കാര്യക്ഷമതയോടെ കൂടി പ്രവർത്തിക്കണമെങ്കിൽ ഇത്തരത്തിലുള്ള പ്രാദേശിക ജനകീയ സമിതി സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ തന്നെ ഉണ്ടാകണം. ഇത്തരമൊരു സംവിധാനത്തിന് നിയമം ഇല്ലെങ്കിൽ ഉണ്ടാക്കുന്നതിനുവേണ്ടി ഉള്ള ശ്രമങ്ങൾനടത്തണം.
- എം. പീതാംബരൻ മാസ്റ്റർ, സവോദയ ദർശൻ