 
തൃശൂർ: ജില്ലയിൽ കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം ജനജീവിതത്തെ തകിടം മറിക്കുന്നു. പകുതിയിലേറെ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പരാതിപ്പെടുന്നു. കടകളിലെ പരിശോധനകൾ കർശനമല്ലെങ്കിലും ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു.
വിവാഹങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം വന്നതോടെ നിരവധി മേഖലകൾ തിരിച്ചടി നേരിടുകയാണ്. ഞായറാഴ്ചകളിൽ ലോക്ഡൗണിന് തുല്യമായ നിയന്ത്രണം നിലവിൽ രണ്ടാഴ്ച വരെയാണെങ്കിലും നീട്ടാൻ സാദ്ധ്യതയുണ്ട്.
ഒന്നും രണ്ടും തരംഗത്തിൽ ഇല്ലാത്തവിധം രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രതിദിനരോഗികളുടെ എണ്ണം ആദ്യമായി കഴിഞ്ഞദിവസം അയ്യായിരം കടന്നു. ആരോഗ്യ വകപ്പ് ജീവനക്കാരിലും രോഗവ്യാപനമുണ്ട്. ഭൂരിഭാഗം പേർക്കും രണ്ടാം വട്ടമാണ് കൊവിഡ് വരുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസിലും നിരവധി പേർക്ക് കൊവിഡ് ബാധിച്ചതോടെ ദൈന്യംദിന പ്രവർത്തനം തന്നെ അവതാളത്തിലായി.
നിരത്തുകളിൽ തിരക്ക് കുറയുന്നു
രോഗവ്യാപനം കൂടിയതോടെ പൊതുനിരത്തുകളിൽ തിരക്ക് കുറയുന്നു. ഞായറാഴ്ചയും ഇന്നലെയും നഗരത്തിലും മറ്റും തിരക്ക് കുറവായിരുന്നു. വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. സ്വകാര്യ ബസുകളിലും തിരക്ക് കുറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിൽ പലരും വർക്ക് അറ്റ് ഹോം അനുവദിച്ചതും തിരക്ക് കുറയാനിടയാക്കിയിട്ടുണ്ട്.
സർക്കാർ ഓഫീസുകളിലും തിരക്ക് കുറഞ്ഞു
രോഗവ്യാപനം രൂക്ഷമായതോടെ സർക്കാർ ഓഫീസുകളിൽ എത്തുന്നവരുടെ എണ്ം കുറഞ്ഞുതുടങ്ങി. പല ഓഫീസുകളിലും നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതും നിറുത്തി. അതേ സർക്കാർ ഓഫീസുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടാലും ജോലിക്ക് വരണമെന്ന നിർദ്ദേശം വന്നതോടെ ജീവനക്കാരും ഭീതിയിലാണ്. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നവർ കൊവിഡ് ബാധിച്ചാലും ജോലിക്ക് വരേണ്ട സാഹചര്യം ഭായപ്പെടുത്തുന്നുവെന്നാണ് പലരും പറയുന്നു.
നട്ടം തിരിഞ്ഞ് പൊലീസ്
കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവരെ കണ്ടെത്തുകയും ക്രമസമാധാന ചുമതലയും നിർവഹിക്കുകയെന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാർ ഉൾപ്പെടെ കൊവിഡ് ബാധിതരാണ്. പലയിടത്തും പത്തുപേർ വരെ പോസിറ്റീവായരുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പട്രോളിംഗ്, ഗുണ്ടാ വിളയാട്ടം തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കാവൽ പദ്ധതി പ്രകാരം ഓരോ പൊലീസുകാരും വീടുകളിൽ കയറിയിറങ്ങിയുള്ള വിവരശേഖരണം, ഓപ്പറേഷൻ കുബേര തുടങ്ങിയവയെല്ലാം നടത്തണമെന്ന നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. ഓപ്പറേഷൻ കാവൽ പദ്ധതിപ്രകാരം വീടുകളിൽ ചെന്നുള്ള പരിശോധനകൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി നിറുത്തി വച്ചിട്ടുണ്ടെങ്കിലും അധികം താമസിയാതെ തുടരും.
2687 പേർക്ക് കൂടി കൊവിഡ്
തൃശൂർ: ജില്ലയിൽ 2687 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 833 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18965 പേരും ഉൾപ്പെടെ 22,485 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1802 പേർ രോഗമുക്തരായി.
ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 7 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 71 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. ജില്ലയിൽ ഇതുവരെ 47,71,591 കൊവിഡ് വാക്സിൻ വിതരണം ചെയ്തു.
ചേലക്കരയിൽ കരിമ്പനി
ചേലക്കര: പഞ്ചായത്ത് പരിധിയിൽ ഒരാൾക്ക് കരിമ്പനി സ്ഥിരീകരിച്ചു. നാലാം വാർഡ് നാട്യൻചിറയിലുള്ള അറുപതുകാരനാണ് കരിമ്പനി റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തുന്നതിന് മന്ത്രി കെ. രാധാകൃഷ്ണൻ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് മെഡിക്കൽ ക്യാമ്പും ശുചീകരണം നടത്തുന്നതിനും അടിയന്തരയോഗം ചേർന്നിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി.