 
കയ്പമംഗലം: പഠനത്തിനൊപ്പം കളിക്കാൻ കിട്ടുന്ന സമയം കുറച്ചുനാളത്തേയ്ക്ക് കൃഷിയിലേക്ക് നീക്കിവച്ചു. തലയിൽക്കെട്ടും, വായ്ത്താരിപ്പാട്ടും പാടി കൈയിൽ ഒരുപിടി ഞാറുമായി ഒരുകൂട്ടം കുട്ടിപ്പട്ടാളം കൃഷിയിടത്തിലേക്കിറങ്ങി. പൊന്നുവിളയുമെന്ന് ഉറപ്പ്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും, ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപറമ്പിൽ സിദ്ദിഖ് - നൂർജഹാൻ ദമ്പതികളുടെ മകളുമായ സന ഫാത്തിമയുടെ നേതൃത്വത്തിൽ പത്തോളം വിദ്യാർത്ഥികളാണ് കൃഷിയിടത്തിലെ മിന്നും താരങ്ങൾ.
എടത്തിരുത്തി പതിനഞ്ചാം വാർഡിൽ പി.സി. രാജീവിന്റെ രണ്ടരയേക്കറോളം വരുന്ന പാടത്താണ് കുട്ടിക്കർഷകർ കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷമാണ് സന ഫാത്തിമ പരീക്ഷണ അടിസ്ഥാനത്തിൽ നെൽക്കൃഷി ചെയ്തത്. കർഷകനായ പിതാവിനൊപ്പം കൃഷിയിറക്കിയത് മികച്ച വിജയമായിരുന്നു. ഇതാണ് ഇത്തവണ കൃഷിയിലേക്കിറങ്ങാൻ പ്രചോദനമായത്. ഇക്കുറി സന മാത്രമല്ല കൂടെ പത്തോളം വിദ്യാർത്ഥികളുമുണ്ട്.
നാല് മുതൽ 13 വയസ് വരെയുള്ള കൃഷ്ണനന്ദ, റംസാൻ, റിസ, വൈഗ സാരംഗി, വേദസാരംഗി, സിനാൻ, ഫാരിസ് ഫൈസൽ എന്നിവരാണ് സനയുടെ കൃഷിക്കൂട്ടുകാർ. ശ്രേയസ് വിത്താണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടി കർഷകർ.