കയ്പമംഗലം: കയ്പമംഗലത്ത് രണ്ടിടങ്ങളിയായി നടന്ന വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്. ദേശീയ പാത 66 കാളമുറിയിൽ ഇന്നലെ രാവിലെ എട്ടരയോടെ കാളമുറി ജുമാ മസ്ജിദിന് മുമ്പിൽ നടന്ന അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന പെട്ടിഓട്ടോയ്ക്ക് പിറകിൽ സ്‌കൂട്ടറും, സ്‌കൂട്ടറിന് പിറകിൽ കാറും ഇടിച്ചായിരുന്നു അപകടം. സ്‌കൂട്ടർ യാത്രക്കാരായ പറവൂർ സ്വദേശികളായ അടിമപറമ്പിൽ ബൈജു, പ്രകാശൻ എന്നിവർക്കാണ് പരിക്കേറ്റത്.

ബൈജുവിനെ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിലും, പ്രകാശനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിറാക്കിൾ ഐ.എസ്.എം ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കയ്പമംഗലം പന്ത്രണ്ടിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികയായ കയ്പമംഗലം സ്വദേശി പുത്തൂർ കുൽദീപിന്റെ ഭാര്യ സുധ (53) യ്ക്ക് പരിക്കേറ്റു. ഇവരെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. കിഴക്ക് ഭാഗത്ത് നിന്ന് വന്ന് ദേശീയ പാതയിലേക്ക് കയറിയ സ്‌കൂട്ടറിൽ വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിടിക്കുകയായിരുന്നു.