തൃശൂർ : 231 പേർക്ക് സൗജന്യമായി മൂന്ന് സെന്റ് ഭൂമി നൽകാനുള്ള ചരിത്ര തീരുമാനവുമായി കോർപറേഷൻ. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ക്ഷേമപദ്ധതികളുടെ ഭാഗമായാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിതരായ 231 പേർക്ക് സൗജന്യമായി ഭൂമി നൽകുന്ന തീരുമാനം കൗൺസിൽ യോഗം എടുത്തത്. ജി.ഐ.എസ് മാപ്പിംഗ് പദ്ധതി വഴി 80,000 വരുന്ന വീടുകളുടേയും 20,000 വരുന്ന സ്ഥാപനങ്ങളുടേയും ഡിജിറ്റൽ സർവെ പൂർത്തീകരിക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുന്നതിനുള്ള നിരക്കുകൾ അംഗീകരിക്കുന്നതിനും തീരുമാനിച്ചു. കോർപറേഷൻ പരിധിയിലെ ജല സ്രോതസുകൾ കണ്ടെത്തി പുനരുദ്ധാരണം ചെയ്ത് സംരക്ഷിക്കുന്നതിനും പട്ടികജാതി ക്ഷേമ പദ്ധതി വഴി 50 ഗുണഭോക്താക്കൾക്ക് വിവാഹധനസഹായം നൽകുന്നതിനുമുള്ള ശ്രദ്ധേയമായ തീരുമാനങ്ങളാണ് യോഗം കൈക്കൊണ്ടത്.

മാലിന്യ സംസ്‌കരണ പ്ലാന്റും ഊരാളുങ്കലിന് ടെണ്ടറും: പ്രതിഷേധവുമായി പ്രതിപക്ഷം

തൃശൂർ: ശക്തനിലെ മാലിന്യസംസ്‌കരണ പ്ലാന്റ് തരികിട പ്ലാന്റ് ആയി മാറിയെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ. ഇവിടെ മാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് വളമാക്കി വിൽപ്പന നടത്തേണ്ട പദ്ധതി അട്ടിമറിച്ചു. കോർപറേഷനിലും പരിസരപ്രദേശങ്ങളിലുമുള്ളവർ കുടിവെള്ളം ചോദിക്കുമ്പോൾ മേയറും ജല അതോറിറ്റിയും ഇരുട്ടിൽ തപ്പുകയാണ്. പ്രതിപക്ഷത്തെ അറിയിക്കാതെ ഊരാളുങ്കൽ സൊസൈറ്റിയുമായി രഹസ്യ യോഗം ചേർന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
കോർപറേഷൻ വികസന ഫണ്ടുകൾ അടിച്ചുമാറ്റാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് സി.പി.എം വഴിവിട്ട സഹായങ്ങൾ ചെയ്യുന്നെന്ന് ബി.ജെ.പി പാർലമെന്റ് പാർട്ടി ലീഡർ വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു. അമൃത് പദ്ധതി പ്രകാരം കുടിവെള്ള വിതരണത്തിനായി പൈപ്പുകൾ സ്ഥാപിക്കുന്നതിൽ വ്യാപക ക്രമക്കേടുകൾ നടന്നു. തൃശൂർ കോർപ്പറേഷൻ പരിധിയിൽ പണ്ട് ലഭിച്ചിരുന്ന കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയാണ്. പ്രവൃത്തികൾ പൂർത്തിയാക്കാത്തതിന്റെ പേരിൽ കോർപറേഷൻ പിടിച്ചു വച്ചിട്ടുള്ള 38 ലക്ഷം രൂപ ഊരാളുങ്കലിന് തിരിച്ചു കൊടുക്കാനുള്ള അജണ്ട അംഗീകരിക്കാനാകില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.