1

തൃശൂർ: ജില്ലയിൽ കൊവിഡും ഒമിക്രോണും കുതിക്കുന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പ്രഖ്യാപനങ്ങളിൽമാത്രം. കഴിഞ്ഞദിവസം നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയെങ്കിലും നടപ്പിലാക്കുന്നത് സംബന്ധിച്ച് യാതൊരു ധാരണയുമില്ലാതെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ. രോഗവിവരം തങ്ങൾക്ക് നൽകാൻ അധികാരമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് ഡി.എം.ഒ അടക്കമുള്ളവർ.

നേരത്തെ രോഗവ്യാപനം കൂടുമ്പോൾ ശക്തമായ പരിശോധനകളും നിയമനടപടികളും ആരോഗ്യവകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം നിലച്ചമട്ടാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് പത്ത് ശതമാനത്തിൽ കൂടുതൽ കൊവിഡ് ബാധിച്ചതും ബേസ് ലൈൻ തീയതിയിൽ നിന്നും രോഗം ഇരട്ടിയായതുമാണ് ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കാരണം.

സാമൂഹിക, സാംസ്‌കാരിക പൊതുപരിപാടികൾക്ക് അനുവാദമില്ലെന്നിരിക്കെ ഉത്സവങ്ങളും മറ്റും സജീവമായ സമയത്ത് ഏതുവിധം ക്രമീകരണം വേണമെന്ന് പോലും അധികൃതർക്ക് വ്യക്തതയില്ല.

രോഗവ്യാപനം കുതിച്ചുയർന്നതോടെ സാമ്പിൾ പരിശോധനയും പ്രതിദിനരോഗനിരക്കും വെളിപ്പെടുത്താതെ ജില്ലാ മെഡിക്കൽ ഓഫീസ്. പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നുണ്ട്. രോഗബാധിതരുടെ എണ്ണം പ്രായം തിരിച്ച് മുൻപ് നൽകിയിരുന്നെങ്കിലും ഇപ്പോൾ നൽകുന്നില്ല. ജനുവരി 10 മുതൽ 24 വരെയുള്ള 15 ദിവസത്തെ കണക്ക് പ്രകാരം ജില്ലയിൽ കൊവിഡ് ബാധിച്ചവർ 34, 172 പേരാണ്. അതേസമയം ജനുവരി ഒന്നു മുതൽ പത്ത് വരെ 3283 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിലെ കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ അടിസ്ഥാനത്തിൽ നിരവധി ക്ലസ്റ്ററുകൾ രൂപീകരിച്ച് കഴിഞ്ഞു. എന്നാൽ ഇവ എതൊക്കെയെന്ന് പറയാത്തത് മൂലം ജനങ്ങൾ അവിടങ്ങളിലേക്ക് വീണ്ടും എത്തിപെടുന്നത് കൂടുതൽ രോഗവ്യാപനം കൂട്ടാൻ ഇടയാക്കുന്നുണ്ട്. നിലവിൽ എൻപതിലേറെ ക്ലസ്റ്ററുകളാണ് രൂപപ്പെട്ടിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിവിധ കേന്ദ്രങ്ങൾ ക്ലസ്റ്ററുകളായിട്ടുണ്ട്.

സ്‌കൂൾ അടച്ച ആശ്വാസത്തിലാണ്‌ അധികൃതർ. അടയ്ക്കുന്നതിന് മുമ്പുള്ള രണ്ടു ദിവസങ്ങളിൽ 506 കുട്ടികൾക്കാണ് കൊവിഡ് ബാധിച്ചത്. 429 അദ്ധ്യാപകർക്കും കൊവിഡ് ബാധിച്ചിരുന്നു. 45 അനദ്ധ്യാപകരും ചികിത്സയിലായി. 18 സ്‌കൂളുകൾ അടച്ചുപൂട്ടി. അഞ്ച് സ്‌കൂളുകൾ ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുമാണ്. തൃശൂർ വിദ്യാഭ്യാസ ജില്ലയിലാണ് കൊവിഡ് വ്യാപനം കുടുതലുള്ളത്. 506 കുട്ടികളിൽ 281 പേരും തൃശൂരിൽ നിന്നുള്ളവരാണ്. 153 അദ്ധ്യാപകരാണ് തൃശൂരിൽ നിന്നും കൊവിഡ് ചികിത്സയിലുള്ളത്. 45ൽ 30 അനദ്ധ്യാപകരും തൃശൂരിൽ നിന്നു തന്നെ.