1

തൃശൂർ: ജില്ലയിൽ പൊതുയോഗങ്ങൾ നടത്താൻ അനുവാദമില്ലാത്ത സാഹചര്യത്തിൽ, ഉത്സവ എഴുന്നെള്ളിപ്പിന് ഒരു ആനയെ അനുവദിക്കും. രണ്ട് തിടമ്പുകളുള്ള അമ്പലങ്ങളിൽ ആചാരം നടത്താൻ മാത്രം രണ്ട് ആനകളെ എഴുന്നെള്ളിക്കാം. ഇതിനായി തൃശൂർ ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവരുടെ പ്രത്യേക അനുവാദം വാങ്ങണം. പറയെടുപ്പ്, ആറാട്ട് എന്നിവയ്ക്കായി അധിക ദൂരമില്ലെങ്കിൽ ഒരു ആനയെ അനുവദിക്കും.

കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് രൂക്ഷമായ അവസരത്തിലും നടത്തിയിരുന്നതും ഒഴിവാക്കാൻ കഴിയാത്ത ആചാര അനുഷ്ഠാനമാണെങ്കിൽ അതിനും ഇത് ബാധകമാണ്. ഇതിനും ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, എന്നിവരുടെ അനുവാദം വാങ്ങണം. എന്നാൽ, വരവ് പൂരങ്ങൾക്ക് ആനയെ എഴുന്നെള്ളിക്കാൻ പാടില്ല. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവിന് അനുസരിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്ന് എഴുന്നെള്ളിപ്പിനുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് പുതിയ തീരുമാനമെടുക്കുമെന്നും കളക്ടർ അറിയിച്ചു.

സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. എൻ. ഉഷാറാണി, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് വിജയകുമാർ, കെ.എഫ്.സി.സി ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, ആനത്തൊഴിലാളി സംസ്ഥാന സെക്രട്ടറി പി.എം. സുരേഷ്, ജോയിന്റ് സെക്രട്ടറി മഹേഷ്, അനിമൽ വെൽഫയർ ബോർഡ് അംഗങ്ങൾ, കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ അംഗങ്ങൾ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.