 
തൃശൂർ: തിരുവില്വാമലയിലെ വി.കെ.എൻ സ്മാരകത്തിന്റെ ആധാരം ശരിയാക്കാനായി സർക്കാരിന് കത്തയക്കുമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. സ്മാരകമന്ദിര നിർമ്മാണ ആവശ്യത്തിലേക്ക് ലഭിച്ച താല്ക്കാലിക രേഖ മാത്രമേ ഇപ്പോൾ ഉള്ളൂ. പുതുതായി നൽകാമെന്ന് വി.കെ.എൻ കുടുംബം പറഞ്ഞ നാല് സെന്റ് സ്ഥലം കൂടി ചേർത്ത് സാഹിത്യ അക്കാഡമിയുടെ പേരിൽ ആധാരമുണ്ടാക്കണമെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. വി.കെ.ഇൻ സ്മാരകത്തിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ സ്മാരകത്തിനായി രണ്ടു കോടി വകയിരുത്തിയത് ലഭിക്കാനായി സ്മാരക സമിതി മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകൾകൊണ്ട് ഇന്ദ്രജാലം കാണിച്ച മഹാമാന്ത്രികനാണ് വി.കെ.എൻ എന്ന് വൈശാഖൻ പറഞ്ഞു. നിരൂപകർക്ക് ഒന്ന് തൊടാൻപോലും ധൈര്യമില്ലാത്ത ശിൽപ്പഗോപുരമാണ് വി.കെ.എൻ സാഹിത്യം. തിരുവില്വാമല വി.കെ.എൻ സ്മാരകത്തിൽ അദ്ദേഹത്തിന്റെ പതിനെട്ടാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.കെ.എന്നിന്റെ ഭാര്യ വേദവതിഅമ്മ ഛായാപടത്തിനു മുന്നിൽ ദീപം തെളിച്ചു. പുഷ്പാർച്ചന നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ. പത്മജ അദ്ധ്യക്ഷയായി. സ്മാരകസമിതി പ്രസിഡന്റ് എൻ. രാംകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, കെ.പി. ഉമാശങ്കർ, കെ. ബാലകൃഷ്ണൻ, സ്മിത സുകുമാരൻ, വി.കെ.കെ. രമേഷ് എന്നിവർ സംസാരിച്ചു. വി.കെ.എൻ സ്മാരകസമിതി സെക്രട്ടറി കെ.ആർ. മനോജ്കുമാർ സ്വാഗതവും അക്കാഡമി പ്രോഗ്രാം കോ - ഓർഡിനേറ്റർ കെ.എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു.