bus

ജില്ലയിൽ നാനൂറോളം ബസുകൾ ജി ഫോം നൽകാനുള്ള തയ്യാറെടുപ്പിൽ

തൃശൂർ: കൊവിഡ് മൂന്നാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യബസ് സർവീസ് വീണ്ടും പ്രതിസന്ധിയിലേക്ക്. രോഗവ്യാപനത്തെത്തുടർന്ന് ജനങ്ങളുടെ മുൻകരുതൽ മൂലം യാത്രക്കാർ കുറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നപ്പോൾ വീണ്ടും ആളുകൾ യാത്രയ്ക്ക് ബസ് സർവീസിനെ ആശ്രയിച്ചുതുടങ്ങിയതോടെ പ്രതിസന്ധി തരണംചെയ്തു തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും രോഗബാധിതരുടെ എണ്ണം കൂടിയത്. രാവിലെ മുതൽ രാത്രിവരെ ബസ് ഓടിച്ചാൽ 500 രൂപ പോലും കിട്ടാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ബസുടമകൾ പറയുന്നു. രണ്ടുവർഷം മുമ്പ് വരെ ജില്ലയിൽ 1200ന് മുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിൽ കൊവിഡ് തുടങ്ങിയതോടെ ഇപ്പോൾ അത് 800ൽ താഴെ മാത്രമായി. ഇതിനിടെ ടാക്‌സ് അടക്കാത്ത ബസുകൾക്കെതിരെ അധികൃതർ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയോളമായി സ്വകാര്യബസുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. നിലവിൽ ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസച്ചെലവിനു പോലും തികയാത്ത സാഹചര്യമുണ്ട്. ഇതോടൊപ്പം ടാക്‌സ് അടയ്ക്കാത്ത ബസുകൾക്കെതിരെ പരിശോധന വ്യാപകമാക്കി പിഴ ചുമത്തിത്തുടങ്ങിയതോടെ ബസുകൾ വീണ്ടും ഷെഡിൽ കയറ്റാൻ ഉടമകൾ നിർബന്ധിതരാകുകയാണ്.

ജി ഫോം നൽകും

മോശം സാഹചര്യമാണെങ്കിൽ നികുതി ഒഴിവാക്കിക്കിട്ടാൻ ജി ഫോം നൽകി ബസുകൾ സർവീസ് നിറുത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞവർഷം കൊവിഡ് കാലത്ത് സർവീസ് നിറുത്തിയ അതേ സ്ഥിതിയാണെന്ന് ഇന്നുള്ളതെന്നും ബസുടമകൾ പറയുന്നു. നാനൂറോളം ബസുകൾ ജി ഫോം നൽകാനുള്ള തയ്യാറെടുപ്പിലാണ്.
നിലവിലെ സാഹചര്യത്തിൽ ബസുകൾക്ക് ഡീസൽ അടിക്കാനും മറ്റു അറ്റകുറ്റപ്പണികൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുമുള്ള ചെലവുകൾ ഉടമകൾ തന്നെ വഹിക്കേണ്ടിവരും. കഴിഞ്ഞ രണ്ടുവർഷമായി മഹാമാരിയിൽ തകർന്നുതരിപ്പണമായ സ്വകാര്യബസ് സർവീസ് രക്ഷപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് കൊവിഡ് മൂന്നാംവരവ് വീണ്ടും പ്രതിസന്ധിയിലാക്കുന്നത്. ബസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ, ടയർ, ട്യൂബ്, ലൂബ്രിക്കന്റ്, ബസ് അറ്റൻഡർമാർ തുടങ്ങി ബസ് സ്റ്റാൻഡിലെ ചെറുകിട കച്ചവടക്കാർവരെ കടുത്ത ആശങ്കയിലാണ്.
ടയർ, അറ്റകുറ്റപ്പണികൾ, ഇൻഷ്വറൻസ് എന്നിങ്ങനെ ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം ചെലവാക്കിയാണ് ബസുകൾ സർവീസ് പുനരാരംഭിച്ചത്.

ഒന്നും രണ്ടും തരംഗത്തിൽ ഉണ്ടായ അതേ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബസ് ചർജ്ജ് വർദ്ധന സംബന്ധിച്ച ഒരു കാര്യവും ഇപ്പോൾ സർക്കാർ മിണ്ടുന്നില്ല

- എം.എസ്. പ്രേംകുമാർ, ബസുടമ സംഘടന ജില്ലാ പ്രസിഡന്റ്