പുത്തൂർ: പഞ്ചായത്തിലെ പുത്തൻകാട് പീച്ചി ഇറിഗേഷൻ കനാൽ, മാടക്കത്തറ പഞ്ചായത്തിലെ കച്ചിത്തോട് ഡാം പ്രദേശങ്ങൾ റവന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു. കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പരാതി പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കനാലിന് മുകൾവശത്തെ കാട്ടിൽ നിന്നും വരുന്ന മഴ വെള്ളം കനാലിലേക്ക് ഒഴുക്കുന്നതിനായി സ്ഥലത്ത് പുതിയ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും. നിലനിൽക്കുന്ന ബണ്ടുകളുടെ ഉയരം കുറയ്ക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മലയിൽ നിന്ന് വരുന്ന വെള്ളം പൂർണമായി കനാലിലേക്ക് തന്നെ ഇറങ്ങി വരാനുള്ള സാഹചര്യം സൃഷ്ടിക്കും. മാർച്ച് 15 നകം പണികൾ പൂർത്തിയാക്കാനും കരാറുകാർക്ക് മന്ത്രി നിർദ്ദേശം നൽകി. സമീപത്തെ തന്നെ ചിറ്റക്കുന്നിൽ കനാൽ സംരക്ഷണഭിത്തി ഇടിഞ്ഞത് പുതുതായി കെട്ടി സംരക്ഷിക്കാൻ സ്ഥലത്തെ ജനങ്ങൾ അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ ആ പണികളും വേഗത്തിൽ തീർക്കാൻ നിർദ്ദേശിച്ചു.
തർക്കത്തെത്തുടർന്ന് നിർമ്മാണം നിലച്ച പുത്തൂർ പഞ്ചായത്തിലെ പുത്തൻകാട് പീച്ചി ഇറിഗേഷൻ കനാൽ പരിസരമാണ് മന്ത്രി കെ. രാജനും ജില്ലാ കളക്ടർ ഹരിത.വി.കുമാറും അടങ്ങുന്ന സംഘം സന്ദർശിച്ചത്. 2018ലെ പ്രളയത്തിൽ പുത്തൻകാട് പീച്ചി ഇറിഗേഷൻ കനാൽ ഇടിഞ്ഞ് സമീപത്തെ ഏതാനും വീടുകൾ തകരുകയും പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വേനൽക്കാലങ്ങളിൽ താത്കാലിക സംവിധാനം വഴിയാണ് പീച്ചിയിൽ നിന്നുള്ള വെള്ളം കനാൽ വഴി കടത്തി വിട്ടിരുന്നത്. ഇപ്പോൾ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് കനാൽ പുനർനിർമ്മാണം നടത്തുന്നതിന്റെ പ്രാരംഭ പണികൾ ആരംഭിച്ചിരുന്നു. എന്നാൽ മലയിൽ നിന്നുവരുന്ന വെള്ളം കനാലിന്റെ അടിയിലൂടെ ഒഴുകി വെള്ളപ്പൊക്കം ഉണ്ടാകുമെന്ന പരാതിയെത്തുടർന്ന് പണി നിറുത്തിവയ്ക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. രവി, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗം സുരേന്ദ്രൻ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.