മാടക്കത്തറ: മാടക്കത്തറ പഞ്ചായത്തിലെ കച്ചിത്തോട് ഡാം നവീകരണ പ്രവൃത്തികളുടെ ഭാഗമായ ടെൻഡർ നടപടികൾക്ക് ഫെബ്രുവരി രണ്ടാം വാരത്തോടെ തുടക്കമിടാൻ സാധിക്കുമെന്ന് ഡാം സന്ദർശനവേളയിൽ മന്ത്രി കെ.രാജൻ പറഞ്ഞു. മാർച്ച് അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും തുടക്കമിടും. കച്ചിത്തോട് ഡാം ജലസേചന കേന്ദ്രമാക്കി നിലനിറുത്തുക എന്നതിനൊപ്പം ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. ഡാമിന്റെ തീരങ്ങളിലുള്ളവർക്ക് ഏറെ ഗുണകരമായ പദ്ധതിയാണിത്. കൂടാതെ വാരുകുളം കേന്ദ്രീകരിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയോടൊപ്പം വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.