കരാറുകാരൻ മുങ്ങി, വഴിയമ്പലം അയിരൂർ ചാപ്പക്കടവ് റോഡ് നിർമ്മാണം അനിശ്ചിതത്തിൽ

കയ്പമംഗലം: ഒരു വർഷം മുമ്പ് നിർമ്മാണോദ്ഘാടനം നടത്തി പണി ആരംഭിച്ച വഴിയമ്പലം അയിരൂർ ചാപ്പക്കടവ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാതെ കരാറുകാരൻ മുങ്ങി. ഏകദേശം രണ്ട് കോടി രൂപ വകയിരുത്തിയാണ് മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്.

ഇതിൽ 24 ലക്ഷം രൂപയോളമാണ് ഇതുവരെ ചെലവാക്കിയത്. ആകെത്തുകയുടെ പത്ത് ശതമാനം പോലും നി‌ർമ്മാണം പൂർത്തിയാക്കാതെയാണ് കരാറുകാരൻ മുങ്ങിയതെന്ന് നാട്ടുകാർ ആരോപിച്ചു. ജനുവരിയിൽ വീണ്ടും നിർമ്മാണം ആരംഭിക്കാനിരിക്ക കരാറുകാരൻ സ്ഥലം വിട്ടത് നിർമ്മാണത്തെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.


2020 ഒക്ടോബർ പത്തിനാണ് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. പിന്നീട് റോഡിന്റെ താഴ്ന്ന പ്രദേശത്ത് കലുങ്കും അതോടൊപ്പം കാനയുടെ നിർമ്മാണവും പൂർത്തിയാക്കിയിരുന്നു. എന്നാൽ ഈ ഭാഗത്തെ റോഡ് ഉയർത്താനായി കല്ലുകൾ നിരത്തിയിട്ട് മാസങ്ങളായി. ഇതിനോടകം കാനകുഴിച്ചെടുത്ത മണ്ണ് ലേലവും ചെയ്തു. കനത്ത മഴയിൽ മുട്ടിനൊപ്പം വെള്ളം നിറയുന്ന റോഡ് ആവശ്യത്തിന് ഉയത്തിയാണ് നിർമ്മാണം ആരംഭിച്ചത്. ഇതിനിടയിൽ മഴ മൂലം നിർമ്മാണം നിറുത്തിവച്ചു. ഇപ്പോൾ ഇതുവഴിയുള്ള യാത്ര പൊതുജനങ്ങൾക്ക് ദുരിത പൂർണമാണ്.

കഴിഞ്ഞ ഡിസംബറിൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളാണ് പ്രതിഷേധ സമരം നടത്തിയത്. തുടർന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്ക് നിവേദനവും നൽകിയിരുന്നു. റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനഃനിർമ്മിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയ ടെൻഡർ വിളിച്ച് മൂന്ന് മാസത്തിനകം വീണ്ടും റോഡ് നിർമ്മാണം ആരംഭിക്കും.

പൊതുമരാമത്ത് അധികൃതർ