ഗുരുവായൂർ: ഭക്തജനങ്ങളുടെ ക്ഷേമത്തിന് നൂറ് കോടിയിലേറെ രൂപയുടെ വികസനം നടപ്പാക്കിയ നാല് വർഷങ്ങളായിരുന്നു ഗുരുവായൂർ ദേവസ്വത്തിലെന്ന് കാലാവധി കഴിഞ്ഞ ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാനായിരുന്ന അഡ്വ.കെ.ബി. മോഹൻദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഴിമതിരഹിതവും സുതാര്യവുമായ പ്രവർത്തനം, വെർച്യുൽ ക്യൂ, ദർശനം, വഴിപാടുകൾ ഉൾപ്പെടെ ഗുരുവായൂർ ക്ഷേത്രത്തിലെ മുഴുവൻ സേവനങ്ങളും ഓൺലൈൻ വഴിയാക്കാൻ സാധിച്ചു. 1350 കോടിയായിരുന്ന ക്ഷേത്രം സ്ഥിര നിക്ഷേപം 1675 കോടിയിലെത്തിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ദേവസ്വത്തിന്റ തനത് ഫണ്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും കൂടാതെ സ്‌പോൺസർഷിപ്പ് ഉൾപ്പെടെയുള്ള സഹായങ്ങൾ സമാഹരിച്ചാണ് നൂറുകോടിയിലേറെ രൂപയുടെ ഭക്തജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സമാശ്വാസ സഹായം നൽകാനും കഴിഞ്ഞു.
ആധുനിക രീതിയിലുളള 350 ഓളം സി.സി.ടി.വി നിരീക്ഷണ കാമറകൾ വച്ച് ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും സെക്യൂരിറ്റി സംവിധാനം കുറ്റമറ്റതാക്കി. ദേവസ്വം വക 2 ഏക്കർ സ്ഥലത്ത് നാലുനില പാർക്കിംഗ് സമുച്ചയം നിർമ്മിച്ചു. കിഴക്കെ നടയിൽ മൂന്ന് നിലകളിൽ ശുചിമുറി സമുച്ചയം സൗജന്യ ഉപയോഗത്തിന് ഒരുക്കി നൽകി. തെക്കേനടയിൽ മൂന്ന് നിലകളിലായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം തിരിച്ച ശുചിമുറികൾ, ക്ലോക്ക് റൂമുകൾ, ചപ്പൽ കൗണ്ടറുകൾ, നൂറു കിടക്കകളുളള എ.സി. ഡോർമെറ്ററി കെട്ടിടത്തിന്റെ മുകളിൽ 2 ലക്ഷം ലിറ്ററിന്റെ ജലസംഭരണി എന്നിവയുടെ നിർമ്മാണം പൂർത്തീകരണ പാതയിലാണ്. പടഞ്ഞാറെനടയിൽ കുറൂരമ്മ ഭവനോട് ചേർന്ന് 28 എ.സി.മുറികളുളള ആധുനിക റസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തീകരിച്ചു.
2018 ജനുവരി 20 മുതൽ രണ്ട് കാലയളവുകളിലായി തുടർച്ചയായി നാല് വർഷം മോഹൻദാസ് ആയിരുന്നു ചെയർമാൻ. രണ്ട് വർഷമാണ് ഭരണ കാലാവധിയെങ്കിലും സി.പി.എം മോഹൻദാസിന് തുടർ ഭരണം നൽകുകയായിരുന്നു. ഭരണ സമിതിയിലെ ദേവസ്വം ജീവനക്കാരുടെ പ്രതിനിധിക്കും തുടർച്ചയായി രണ്ട് തവണ ഭരണ സമിതി അംഗത്വം നൽകിയിരുന്നു.