എരുമപ്പെട്ടി: വേലൂരിന്റെ പ്രിയങ്കരനായ ശിൽപ്പി ജോൺസൺ കാലടി (ജോൺസൺ) വേലൂരിന്റെ ഓർമ്മകൾക്ക് ഒരാണ്ട്. 2021 ന് ജനുവരി 30 നാണ് ജോൺസൺസൺ വേലൂർ വിണ്ണിനോട് വിട പറഞ്ഞത്. ജീവിതവും കലയും ഒന്നായിക്കണ്ട ജോൺസന്റെ വിയോഗം വേലൂരിന് തീരാനഷ്ടമാണ് സൃഷ്ടിച്ചത്. നിർദ്ധന കുടുംബാംഗമായ ജോൺസന്റെ ബാല്യകാലം ഏറേ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ചെറുപ്രായത്തിൽ തന്നെ ശിൽപ്പ നിർമ്മാണത്തിലും ചിത്രരചനയിലും കഴിവ് തെളിയിച്ചു. അക്കാലത്ത് തൃശൂർ ജില്ലയിലെ പ്രധാന കലാ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ ബോധി കോളേജിന്റെ പ്രിൻസിപ്പൽ ശേഖരൻ അത്താണിക്കലുമായുള്ള ബന്ധം കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാക്കി.1984 മുതലാണ് ജോൺസൺ ശിൽപ്പ നിർമ്മാണ രംഗത്ത് നിറസാന്നിദ്ധ്യമാകുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജന്റെ ഓർമ്മ നിലനിറുത്താൻ കക്കയത്ത് വിവാദ പ്രതിമ നിർമ്മിച്ചു കൊണ്ടാണ് ശിൽപ്പകലാരംഗത്ത് ശ്രദ്ധേയനായത്.
മരം, വെട്ടുകല്ല്, സിമന്റ്, കളിമണ്ണ്, ഫൈബർ എന്നീ മാദ്ധ്യമങ്ങളിലെല്ലാം ശിൽപ്പങ്ങൾ തീർത്തിട്ടുണ്ട്. ഫൈബറിൽ കഥകളി കിരീടമുണ്ടാക്കി ലോകത്തിലാദ്യമായി പുത്തൻ പരീക്ഷണത്തിനു തയ്യാറായി. വേലൂർ മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കുതിരവേലയ്ക്ക് ആദ്യമായി ലക്ഷണമൊത്ത ഫൈബർ കുതിരകളെ വാർത്തെടുത്തത് ജോൺസനാണ്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ അർദ്ധകായ പ്രതിമ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് കാമ്പസിലെ ശ്രീബുദ്ധ പ്രതിമ, കോഴിക്കോട് സർവകലാശാല പാർക്കിൽ സ്ഥാപിച്ച 15 അടി ഉയരത്തിലുള്ള ആസ്പിരേഷൻ ശിൽപ്പം, കോഴിക്കോട് മാനംചിറ മൈതാനത്തെ മുതലയും മത്സ്യവും, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഗാന്ധി പ്രതിമ, സംസ്‌കൃത സർവകലാശാലയിലെ ശാങ്കരം, കാലടി പുത്തൻകാവ് ക്ഷേത്രത്തിലെ കാളീശിൽപ്പം, വേലൂർ ഗവ. രാജാ സാർ രാമവർമ്മ ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്തെ ഗാന്ധി, തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ ജംഗ്ഷനിലുള്ള ട്രാഫിക്ക് ഐലന്റിലെ മതസൗഹാർദ്ധ ശിൽപ്പം, വേലൂർ പള്ളി പരിസരത്തെ അർണോസ് പാതിരിയുടെ പ്രതിമ എന്നിവയാണ് പ്രധാന വർക്കുകൾ.
തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ നിന്നും ശിൽപ്പ നിർമ്മാണത്തിൽ ഡിപ്ലോമയെടുത്ത ജോൺസൻ കാലടി സംസ്‌കൃത സർവകലാശാലയിൽ ശിൽപകലാ മുൻ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
58 വയസിലായിരുന്നു വിയോഗം. ജനകീയ ശിൽപ്പിയായ ജോൺസന്റെ ഓർമ്മകൾ നിലനിറുത്തിയാണ് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഗ്രാമകം കൾച്ചറൽ അക്കാഡമി ജനുവരി 23 മുതൽ ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിൽപ്പി ജോൺസൻ അനുസ്മരണ സമിതിയുടെ ചടങ്ങ് ജനുവരി 30 ന് വേലൂർ ഗവ. രാജാ സർ രാമവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിൾ ഉച്ചതിരിഞ്ഞ് രണ്ട് മുതൽ ആറ് വരെ നടക്കും. കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.