കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾക്ക് വഴിപാടിന്റെ പേരിൽ ബ്രാഹ്മണരുടെ 'കാൽകഴുകിച്ചൂട്ട് ' നടത്താനുള്ള ശ്രമം തികഞ്ഞ ജാതി ഭീകരതയാണെന്നും വഴിപാട് പിൻവലിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ശ്രീനാരായണ ദർശനവേദി യോഗം അഭിപ്രായപ്പെട്ടു. മനുഷ്യനെ മനുഷ്യനാക്കിയ ഗുരുവിന്റെ കഥാചരിതം തൃപ്രയാർ അമ്പലത്തിൽ അവതരിപ്പിക്കാൻ അനുമതി കൊടുക്കാത്ത തന്ത്രിയുടെ നേതൃത്വത്തിലാണ് ഈ വഴിപാട് നടക്കുന്നത്. ഒട്ടേറെപ്പേരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ഫലമായി നേടിയെടുത്ത നവോത്ഥാനം ഭക്തരെ ഉപയോഗപ്പെടുത്തിയാണ് ശാങ്കരസ്മൃതികളുടെ പിന്മുറക്കാൻ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് പോലുള്ള പ്രവൃത്തികൾ ഈഴവ, പിന്നാക്ക ദളിത് വിഭാഗങ്ങളെക്കൊണ്ട് നടത്തിച്ച് ബ്രാഹ്മണശാപം എന്ന പേര് പറഞ്ഞ് മുതലെടുക്കുന്ന സ്ഥിതിയാണെന്നും യോഗം ആരോപിച്ചു. ശ്രീനാരായണ ദർശനവേദി ചെയർമാൻ പ്രൊഫ. സി.ജി. ധർമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ബി. അജിതൻ, സി.വി. മോഹൻ കുമാർ, മുരുകൻ കെ. പൊന്നത്ത്, വയലാർ വിജയകുമാർ, സി.ബി. സുരേന്ദ്ര ബാബു, കെ.പി. മനോജ് എന്നിവർ പ്രസംഗിച്ചു.