കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള എടവിലങ്ങ് ശിവക്ഷേത്രത്തിൽ നടത്താനൊരുങ്ങുന്ന വഴിപാടായ ബ്രാഹ്മണരുടെ 'കാൽ കഴുകിച്ചൂട്ട് ' സംസ്‌കാര ശൂന്യതയുടെ ഭാഗമാണെന്നും നവോത്ഥാനം തള്ളിക്കളഞ്ഞ ജാതിഭീകരതയുടെ തിരിച്ചുവരവാണെന്നും എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ.

ശ്രീനാരായണഗുരു വി.ടി. ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ള മനുഷ്യ സ്‌നേഹികൾ പരിഷ്‌കരിച്ചെടുത്ത നവോത്ഥാന നേട്ടങ്ങളെ ഭക്തിയുടെ മറവിൽ ചാതുർവർണ്യത്തിന്റെ വക്താക്കൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് അത്യന്തം അപലപനീയമാണ്. മനുഷ്യനൊന്നാണ് എന്ന് ഗുരു നമ്മളെ പഠിപ്പിച്ചിട്ടും ഭരണഘടന വിരുദ്ധമായ ഇത്തരം അനാചാരങ്ങൾ ക്രിമിനൽ കുറ്റമാണെന്നറിഞ്ഞിട്ടും വീണ്ടും ഇതെല്ലാം ഭക്തരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് തന്ത്രിയുടെ ധാർഷ്ഠ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവകഥാ ചരിതം കഥകളി വിലക്കിയ തന്ത്രിയുടെ ഇത്തരം നീക്കങ്ങൾ ദേവസ്വം ബോർഡിന് തടയാൻ കഴിയുന്നില്ലെങ്കിൽ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ പിന്നാക്ക ദളിത് ആദിവാസി വിഭാഗങ്ങളും പുരോഗമന ശക്തികളുമായി ചേർന്ന് കാൽകഴുകിച്ചൂട്ടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഉമേഷ് ചള്ളിയിൽ മുന്നറിയിപ്പ് നൽകി.