 
വടക്കാഞ്ചേരി: അകമല വെറ്റിറനറി ക്ലിനിക്കിൽ പരിചരണത്തിൽ കഴിയുന്ന പുലിക്കുട്ടി ആൺകുട്ടിയാണെന്ന് സ്ഥിരീകരണം. പുലിക്കുട്ടിയെ പരിചരിക്കുന്ന ഡോ. വി. എസ്. എബ്രഹാം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ 13 നാണ് പാലക്കാട് അകത്തേത്തറയിൽ ആളൊഴിഞ്ഞ വീട്ടിൽ തള്ളപ്പുലി ഉപേക്ഷിച്ചു പോയ പുലിക്കുട്ടിയെ അകമല വെറ്റിറനറി ക്ലിനിക്കിലേക്ക് കൊണ്ടു വന്നത്. അവശ നിലയിലായിരുന്നു അന്ന് പുലിക്കുട്ടി. ഇപ്പോൾ പുലിക്കുട്ടിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. പയ്യെ, പയ്യെ എണീറ്റ് നടക്കാൻ തുടങ്ങി. പുലിക്കുട്ടിക്ക് ഒരു മാസം പ്രായം കാണുമെന്നാണ് നിഗമനം. പല്ല് മുളയ്‌ക്കേണ്ട സമയമാണ്. പല്ല് മുളച്ചാൽ പാലിനൊപ്പം മാംസ ഭക്ഷണം കൊടുത്തു തുടങ്ങും. പൂച്ചകൾക്ക് കൊടുക്കുന്ന ആഹാരമാണ് കൊടുക്കുക. പുലിക്കുട്ടിയുടെ ദേഹത്ത് പുള്ളിക്കലകൾ തെളിഞ്ഞു തുടങ്ങി. തള്ളപ്പുലിയുടെ ഒപ്പം കൊണ്ടു വിടുന്നതിനെതിരെ പാലക്കാട് അകത്തേത്തറ നിവാസികൾ എതിർപ്പ് ഉയർത്തുന്നുണ്ട്. ഒരു മാസം കഴിഞ്ഞാൽ ഏതെങ്കിലും കാഴ്ച ബഗ്ലാവിലേയ്ക്ക് പുലിക്കുട്ടിയെ മാറ്റാനാണ് സാദ്ധ്യത. ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടറടക്കം തൃശൂരിലുള്ളതിനാൽ പുലിക്കുട്ടിയെ തൃശൂരിലെ കാഴ്ച ബഗ്ലാവിലേയ്ക്കാകും മാറ്റുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരാണ്. പ്രത്യേക പരിചരണമാണ് പുലിക്കുട്ടിക്ക് നൽകിവരുന്നത്. തള്ളപ്പുലിയുടെ മാറോട് ചേർന്ന് കഴിയേണ്ട സമയമായതിനാൽ വലിയ ടെഡി ബിയർ പാവയ്‌ക്കൊപ്പമാണ് പുലിക്കുട്ടിയെ കിടത്തിയിട്ടുള്ളത്. പുലിക്കുട്ടിക്ക് തുണയായി പരന്തുകളും മൂങ്ങയുമെല്ലാം അകമലയിലെ വെറ്റിനറി ക്ലിനിക്കിൽ ചികിത്സയിലുണ്ട്.