കാടുകുറ്റി: പഞ്ചായത്തിലെ തൈക്കൂട്ടം തൂക്കുപാലത്തിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു. 2018 ലെ മഹാപ്രളയത്തിൽ തകർന്ന തൂക്കുപാലമാണ് പുനർനിർമ്മിക്കുന്നത്. പ്രളയത്തിൽ പാലത്തിന്റെ പല ഭാഗങ്ങളും തെന്നിമാറി. കൈവരികളും സുരക്ഷാ വേലികളും നശിച്ചു. പാലത്തിലെ നടപ്പാതയുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തിയായിരിക്കും നവീകരണം നടത്തുക. കാടുകുറ്റിയേയും തൈക്കൂട്ടം പ്രദേശത്തേയും ബന്ധിപ്പിച്ച് ചാലക്കുടിപ്പുഴക്ക് കുറുകെ 2015 ലാണ് തൂക്കുപാലം നിർമ്മിച്ചത്. പാലം വരുന്നതിന് മുൻപ് കടത്തുവഞ്ചിയെയാണ് ഇരുഭാഗത്തേയ്ക്കുള്ള യാത്രയ്ക്ക് നാട്ടുകാർ ആശ്രയിച്ചിരുന്നത്. നിർമ്മാണ ഏജൻസിയായ കെലിന്റെ നേതൃത്വത്തിൽ വി.ആന്റ്.വി കമ്പനിയാണ് 40 ലക്ഷം രൂപ ചെലവിലുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നത്.