 
ചാവക്കാട്: ചേറ്റുവ ദേശീയപാത 66 ൽ റോഡിന്റെ അരിക് ഇടിഞ്ഞ് അപകട ഭീഷണിയിലായി. ഒരുമനയൂർ ഒറ്റത്തെങ്ങ് മുതൽ മൂന്നാംകല്ല് വരെയുള്ള റോഡിന്റെ അരികുകൾ ഇടിഞ്ഞ നിലയിലാണ്. ഈ ഭാഗങ്ങളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. റോഡിന്റെ അരിക് അരയടിയോളം ആഴത്തിൽ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ മൂന്നാംകല്ല് പെട്രോൾ പമ്പിന് സമീപമുള്ള റോഡിൽ മണ്ണിട്ട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നീട് തുടർ നടപടികൾ ഉണ്ടായിട്ടില്ല. വളരെയധികം വീതി കുറഞ്ഞ ഈ റോഡിൽ അരിക് ഇടിഞ്ഞതോടെ എതിരെ വാഹനങ്ങൾ വന്നാൽ പോലും സൈഡ് എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ അപകടം ഒഴിവാക്കുന്നതിനായി റോഡിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.