 
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ലേലം ചെയ്ത ഥാർ ജീപ്പിന്റെ കൈമാറ്റം ദേവസ്വം കമ്മിഷണറുടെ അനുമതിക്ക് വിധേയമായി മാത്രമേ നടക്കൂവെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്. ദേവസ്വം നിയമപ്രകാരം 5000 രൂപയിൽ കൂടുതൽ വിലവരുന്ന വസ്തുക്കൾ വിൽക്കുന്നതിന് ദേവസ്വം കമ്മിഷണറുടെ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിക്കാൻ ദിവസങ്ങൾ കഴിയുമെന്നതിനാലാണ് മുൻകൂട്ടി അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഥാർ ജീപ്പ് ലേലം ചെയ്തത്.
ദേവസ്വം കമ്മിഷണറുടെ അനുമതിക്ക് വിധേയമായി മാത്രമേ ലേലം വിളിക്കുന്ന വ്യക്തിക്ക് വാഹനം കൈമാറുകയുള്ളൂവെന്ന് ലേല നടപടികളുടെ ഭാഗമായി തയ്യാറാക്കിയ വ്യവസ്ഥകളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലേലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത സ്ഥിതിക്ക് ഇനി കോടതി ഉത്തരവിന് വിധേയമായി മാത്രമേ ദേവസ്വത്തിന് നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും മുൻ ചെയർമാൻ പറഞ്ഞു.